KERALA

നിതിന്‍ കേരളത്തിലെ ജാതി സമൂഹത്തിൻ്റെ അവസാന ഇര, കുടുംബത്തിന് നീതി ലഭിച്ചില്ലെങ്കിൽ പൊതുസമൂഹത്തിനും നീതി ലഭിക്കില്ല: വേടൻ

"പഠിക്കണമെന്ന ആഗ്രഹവുമായി എത്തിയ നിതിനെ കൊന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതിസമ്പ്രദായം"

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് കേരളത്തിലെ ജാതി സമൂഹത്തിൻ്റെ അവസാന ഇരയാണ് നീതിനെന്ന് റാപ്പർ വേടൻ. പഠിക്കണമെന്ന ആഗ്രഹവുമായി എത്തിയ നിതിനെ കൊന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതിസമ്പ്രദായം. നിതിനും കുടുംബത്തിനും നീതി ലഭിച്ചിലെങ്കിൽ പൊതുസമൂഹത്തിന് നിതി ലഭിക്കില്ലെന്നും വേടൻ പറഞ്ഞു.

അതേസമയം, നിതിൻ രാജിൻ്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂർ എസിപിക്കാണ് അന്വേഷണ ചുമതല. 11 അംഗ പ്രത്യേക സംഘത്തെയാണ് അന്വേഷണത്തിനായി രൂപീകരിച്ചിരിക്കുന്നത്. മന്ത്രി വി. ശിവൻകുട്ടി നിതിൻ രാജിൻ്റെ വീട് സന്ദർശിച്ച് മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. കോളേജിൽ നിന്ന് ഒരാൾ പോലും വീട്ടിലേക്ക് വരാത്തത് ദുരൂഹത വർധിപ്പിക്കുന്നുവെന്നും വിദ്യാർഥികൾക്ക് മാനേജ്മെൻ്റ് നിർദേശം നൽകിയിരിക്കാം എന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയ ഉടനെ കുടുംബത്തിന് നേരിട്ട് കാണാനുള്ള അവസരം ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കും. നിതിൻ രാജിന്റെ വേർപാട് ഗൗരവമുള്ള വിഷയമാണെന്നും കോഴ്സിന് ചേർന്നപ്പോൾ മുതൽ നിതിൻ രാജിനെ പീഡിപ്പിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്നാണ് പിതാവ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ ആരോപണ വിധേയരായ രണ്ട് അധ്യാപകരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. അനാട്ടമി വിഭാഗം മേധാവി ഡോക്ടർ എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണസമിതിയേയും രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കോളേജ് കെട്ടിടത്തിൻ്റെ അഞ്ചാം നിലയി നിന്നും ചാടി നിധിൻ രാജ് ജീവനൊടുക്കിയത്.

SCROLL FOR NEXT