KERALA

എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി ഏഴിന്, ഓൺലൈൻ എന്യൂമറേഷൻ ഫോം സബ്മിഷൻ ഇന്നുമുതൽ: രത്തൻ യു. ഖേൽക്കർ

ഇതുവരെ 36 ലക്ഷത്തോളം എന്യൂമറേഷൻ ഫോം വിതരണം ചെയ്തുവെന്നും രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണം ഡിസംബർ ഒൻപതിനെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ. ഫെബ്രുവരി ഏഴിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഇതുവരെ 36 ലക്ഷത്തോളം എന്യൂമറേഷൻ ഫോം വിതരണം ചെയ്തുവെന്നും രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി. എസ്ഐആറിൻ്റെ നടപടികൾ വിശദീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടി യോഗത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണം.

"36 ലക്ഷത്തോളം എന്യൂമറേഷൻ ഫോം ഇതുവരെ വിതരണം ചെയ്തു. പകുതിയിലേറെ പേർ പൂരിപ്പിച്ച് തിരികെ നൽകിയിട്ടുണ്ട്. ഈ മാസം തന്നെ എല്ലാവർക്കും ഫോം നൽകാൻ ശ്രമിക്കും. നവംബർ 25നകം എന്യൂമറേഷൻ ഫോം പ്രക്രിയ പൂർത്തിയാക്കണം എന്നാണ് എല്ലാ ജില്ലാ കളക്ടർമാർക്കും നൽകിയ നിർദേശം. എന്യൂമറേഷൻ ഫോം ഏത് ഭാഷയിലും പൂരിപ്പിക്കാം. തമിഴ്, കന്നട ഭാഷകളിലും ഫോം തയ്യാറാക്കിയിട്ടുണ്ട്. ഇന്നുമുതൽ ഓൺലൈൻ ഓൺലൈൻ ഫോം സബ്മിഷൻ ആരംഭിക്കും. പ്രവാസി വോട്ടർമാരുടെ സംശയ നിവാരണത്തിനായി പ്രത്യേക കോൾ സെൻ്റർ രൂപികരിക്കും", രത്തൻ യു.ഖേൽക്കർ.

പന്ത്രണ്ടിൽ തിരിച്ചറിയൽ രേഖകളിൽ ഒരു രേഖ നൽകിയാൽ മതിയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ബിഎൽഒമാർ മറിച്ചൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാം. ചില ബിഎൽഒമാർ അങ്ങനെ ധരിച്ചു വെച്ചതാകാം. അത് തിരുത്താൻ ആവശ്യപ്പെടും. ബിഎൽഒമാർക്ക് കൂടുതൽ പരിശീലനം നൽകും. ഇതുബന്ധപ്പെട്ട നിർദേശം ജില്ലാ കളക്ടർമാർക്ക് നൽകും. പ്രവാസികൾക്കിടയിൽ ബോധവൽക്കരണം നടത്തും. അവരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ പ്രത്യേകം ആളെ നിയോഗിക്കും. പോരായ്മകൾ പരിഹരിക്കുമെന്നും രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി.

SCROLL FOR NEXT