KERALA

ഗുരുവായൂർ ദേവസ്വം ബോർഡിൽ നിയമന പ്രതിസന്ധി; ആശങ്കയോടെ ഉദ്യോഗാർഥികൾ

സുപ്രീം കോടതിയിലെ നിയമ പോരാട്ടത്തിന് ഭീമമായ തുക കണ്ടെത്താനാകാതെ നിരവധി പേരാണ് വഴിമുട്ടി നിൽക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഗുരുവായൂർ ദേവസ്വം ബോർഡിലെ നിയമന നടപടികൾ അനിശ്ചിതത്വത്തിൽ. പരീക്ഷയെഴുതി ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിൽ ആശങ്കയിലാണ് ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ. കെഡിആർഡി വിജ്ഞാപനപ്രകാരം പരീക്ഷയെഴുതിയ ഉദ്യോഗാർഥികളാണ് താൽക്കാലിക ജീവനക്കാരുടെ കോടതി വ്യവഹാരങ്ങളെ തുടർന്ന് കടുത്ത പ്രതിസന്ധിയിൽ ആയത് സുപ്രീം കോടതിയിലെ നിയമ പോരാട്ടത്തിന് ഭീമമായ തുക കണ്ടെത്താനാകാതെ നിരവധി പേരാണ് വഴിമുട്ടി നിൽക്കുന്നത്.

2025 മാർച്ച് 29 നാണ് ഗുരുവായൂർ ദേവസ്വം ബോർഡിലെ 38 തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏകദേശം രണ്ട് ലക്ഷത്തോളം ഉദ്യോഗാർഥികൾ അപേക്ഷിച്ച പരീക്ഷ, അതേ വർഷം ജൂലൈയിൽ പൂർത്തിയാകുകയും ചെയ്തു. എന്നാൽ, നിലവിലുള്ള താൽക്കാലിക ജീവനക്കാർ തങ്ങളുടെ സ്ഥിരപ്പെടുത്തലിനായി കോടതിയെ സമീപിച്ചതോടെ റിക്രൂട്ട്മെന്റ് നടപടികൾ തടസപ്പെട്ടു.

കോടതി നടപടികൾ നീണ്ടുപോകുന്നതിനാൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനോ നടപടികൾ പൂർത്തിയാക്കാനോ സാധിച്ചിട്ടില്ല. നിയമപോരാട്ടം നീണ്ടുപോകുമ്പോൾ പ്രായപരിധി കഴിയുമോ എന്ന ആശങ്കയിലാണ് ഒരു കൂട്ടം ഉദ്യോഗാർഥികൾ. താൽക്കാലിക ജീവനക്കാർക്ക് വയസ് ഇളവും ഗ്രേസ് മാർക്കും നൽകിയാണ് കെഡിആർബി പരീക്ഷ നടത്തിയത്. എന്നിട്ടും ഈ സൗകര്യം മുതലെടുത്ത് നിയമന നടപടികൾ ബോധപൂർവ്വം കാലതാമസം വരുത്താനാണ് ഇവരുടെ ശ്രമമെന്നാണ് ഉദ്യോഗാർഥികളുടെ ആക്ഷേപം.

ഗുരുവായൂർ ദേവസ്വം ബോർഡിൽ നിയമനം നടത്താനുള്ള അധികാരം തങ്ങൾക്കാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കെഡിആർബി ഫയൽ ചെയ്ത് കേസിൽ തീരുമാനമാകാത്തതും ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാണ്. കേസിൽ കക്ഷി ചേരാൻ ലക്ഷങ്ങൾ ചെലവ് വരുന്നതിനാൽ സാധാരണക്കാരായ ഉദ്യോഗാർഥികൾക്ക് കോടതി ചെലവ് താങ്ങാൻ കഴിയുന്നില്ല. ഉദ്യോഗാർഥികളുടെ ഭാവി വെച്ച് പന്താടരുതെന്നും സർക്കാരും ദേവസ്വം ബോർഡും പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് അനുകൂല തീരുമാനമെടുക്കണം എന്നുമാണ് ഇവരുടെ ആവശ്യം.

SCROLL FOR NEXT