മലക്കപ്പാറയിലെ ആദിവാസി കുടുംബങ്ങൾ Source: News Malayalam 24x7
KERALA

മലക്കപ്പാറയിലെ 41 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം പ്രതിസന്ധിയിൽ; പദ്ധതിയിൽ നിന്നും പിന്മാറാൻ സംസ്ഥാന സർക്കാരിൻ്റെ നീക്കം

പുനരധിവാസ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ തന്ത്രപരമായി പിന്മാറാൻ നീക്കം നടത്തിയതിന് പിന്നാലെയാണ് പുനരധിവാസം പ്രതിസന്ധിയിലായത്.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ഉരുൾപ്പൊട്ടൽ ഭീഷണിയാലും വന്യമൃഗ ശല്യത്താലും സ്വര്യജീവിതം വഴിമുട്ടിയ മലക്കപ്പാറയിലെ 41 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം പ്രതിസന്ധിയിൽ. പുനരധിവാസ പദ്ധതിയിൽ നിന്നും തന്ത്രപരമായി പിന്മാറാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നതിന് പിന്നാലെയാണ് പുനരധിവാസം പ്രതിസന്ധിയിലായത്.

മലക്കപ്പാറ അരേക്കാപ്പിലെയും വീരാൻകുടിയിലെയും ആദിവാസികളെ സഹായിക്കാൻ ശ്രമിച്ച ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ്റെ ശ്രമങ്ങൾക്ക് നിയമ പ്രശ്നങ്ങളുന്നയിച്ച് തടയിട്ടത് വനം വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിമാരും ചേർന്നാണെന്ന ആരോപണവും ഉയരുന്നുണ്ട്. പുനരധിവാസ പദ്ധതി വേഗത്തിലാക്കാൻ ശ്രമിച്ച കളക്ടറോട് അതൃപ്തി രേഖപ്പെടുത്തുകയും അർജുൻ പാണ്ഡ്യന് ജാഗ്രതക്കുറവുണ്ടായെന്ന് വിലയിരുത്തകുകയും ചെയ്ത മന്ത്രിതല യോഗത്തിൻ്റെ മിനിട്സ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

മലയാറ്റൂർ വനം ഡിവിഷന് കീഴിലെ മലക്കപ്പാറ അരേക്കാപ്പ് - വീരാൻകുടി ഉന്നതികളിലെ 41 ആദിവാസി കുടുംബങ്ങൾക്ക് 2010 ലാണ് വനാവകാശ നിയമപ്രകാരം കൈവശാവകാശ രേഖ ലഭിക്കുന്നത്. 2018ലെ മഹാപ്രളയം ഇവർക്കെല്ലാം നഷ്ടമായി. പ്രദേശം താമസയോഗ്യമല്ലെന്നും ദുരന്ത നിവാരണ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കി.

പ്രകൃതി ദുരന്ത ഭീഷണിക്കൊപ്പം വന്യമൃഗശല്യവും രൂക്ഷമായ പ്രദേശത്ത് നിന്ന് മാറ്റി താമസിപ്പിക്കണമെന്ന ഇവരുടെ നിരന്തര ആവശ്യം ഒടുവിൽ 2024ൽ സർക്കാർ പരിഗണിക്കുകയായിരുന്നു. മന്ത്രിമാരും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥന്മാരും ചേർന്ന യോഗത്തിലായിരുന്നു തീരുമാനം കൈക്കൊണ്ടത്. സ്റ്റേറ്റ് ലെവൽ മോണിറ്ററിംഗ് കമ്മറ്റിയുടെ നിർദേശപ്രകാരം 2025 ജൂൺ ആറിന് തുടർ നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവ് പട്ടിക വർഗ വികസന വകുപ്പ് പുറത്തിറക്കി.

മാരാംങ്കോട് കണ്ടെത്തിയ റിസർവ്വ് വനഭൂമിയിൽ അടിക്കാടുകൾ വെട്ടി സര്‍വേ നടപടികള്‍ തുടങ്ങാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി. അതുവരെ നടന്ന മുഴുവൻ യോഗങ്ങളിലും പങ്കെടുത്ത വനം വകുപ്പ് പൊടുന്നനെ എതിർപ്പുമായെത്തി. ഇതോടെ ജൂണ്‍ 25 ന് തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകന യോഗത്തില്‍ നടപടികളെല്ലാം നിർത്തിവെയ്ക്കാന്‍ തീരുമാനമായി.

കൈവശാവകാശ രേഖ ലഭിച്ചവരുടെ വനഭൂമി ഏറ്റെടുത്ത് മറ്റൊരു സ്ഥലത്ത് ഭൂമി അനുവദിക്കാനാവില്ലെന്നായിരുന്നു തടസവാദം ഉന്നയിച്ചത്. എന്നാൽ സമാനസാഹചര്യങ്ങളിൽ മുമ്പ് പുനരധിവാസം നടന്നിട്ടുള്ളത് കളക്ടറും അതിരപ്പിള്ളി പഞ്ചായത്തും സര്‍ക്കാരിനെ ധരിപ്പിച്ചു. എന്നാൽ അതുകൊണ്ടും ഫലമുണ്ടായില്ല. എന്നാല്‍ ഇതൊന്നും അറിഞ്ഞിട്ടേയില്ലെന്ന ഭാവത്തിലാണ് ന്യൂസ് മലയാളത്തോട് മന്ത്രിമാർ പ്രതികരിച്ചത്.

SCROLL FOR NEXT