തിരുവനന്തപുരം: തന്നെ കുടുക്കാൻ ശ്രമിക്കുന്നുവെന്ന ഗുരിതര ആരോപണവുമായി ഡോ. ഹാരിസ് ചിറയ്ക്കൽ. പ്രിൻസിപ്പലും സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും തൻ്റെ സാന്നിധ്യമില്ലാതെ റൂമിൽ കയറിയെന്നും ഫയലുകളിൽ തിരിമറി നടത്തി കുടുക്കുമെന്ന് സംശയിക്കുന്നതായും ഹാരിസ് ചിറയ്ക്കൽ ആരോപിച്ചു.
വിലപിടിപ്പുള്ള വസ്തുക്കൾ പലതും ഉള്ള മുറിയാണ്. തൻ്റെ സാന്നിധ്യം ഇല്ലാതെ പരിശോധന നടത്തിയത് തെറ്റായ നടപടിയാണ്. സംഭവത്തെ തുടർന്ന് ഡോക്ടർ ഹാരിസ് ചിറക്കൽ കെജിഎംസിടിഎയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.
"തൻ്റെ ഔദ്യോഗിക മുറിയിൽ ഒരുപാട് ഫയലുകളും രേഖകളും ഉണ്ട്. ഒപ്പം കുറെ വിലകൂടിയ എസ്കുലാപ് ട്രാൻസ്‌പ്ലാൻ്റ് ഉപകരണങ്ങളും അവിടെയാണ് വെച്ചിരുന്നത്. രാത്രി അവിടെ ഒറ്റപ്പെട്ട സഥലമാണ്.ഒരു മനുഷ്യൻ പോലും ഫസ്റ്റ് ഫ്ലോറിൽ പോകില്ല.ആർക്കും രഹസ്യമായി ലിഫ്റ്റ് വഴി ആ ഫ്ലോറിൽ എൻ്റെ റൂമിൻ്റെ തൊട്ടു മുന്നിൽ ഇറങ്ങാം. അവിടെ ആണെങ്കിൽ ക്യാമറയും ഇല്ല. വേണമെങ്കിൽ റൂമിൻ്റെ ബാക്ക് സൈഡിൽ കൂടിയും കയറാം. സ്ലൈഡിംഗ് വിൻഡോ ആണ്. ബാൽക്കണി ഉണ്ട്', ഡോ. ഹാരിസ് ചിറയ്ക്കൽ.
ഏതെങ്കിലും തരത്തിൽ തിരിമറി ഉണ്ടാകുമോ എന്ന് സംശയിക്കുന്നതായും മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി പൂട്ടി കൊണ്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കടുത്ത മാനസിക സമ്മദർത്തെ തുടർന്ന് ഡോക്ടർ ഹാരിസ് ചിറക്കലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.