Source: Files
KERALA

"എംഎൽഎമാരുടെ രാജാവാകാൻ ശ്രമിക്കേണ്ട, വ്യക്തിപരമായി പറഞ്ഞാൽ മൂന്നിരട്ടി തിരിച്ചും പറയും"; ജി. സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

ജി. സുധാകരൻ്റെ പരാമർശത്തിന് മറുപടിയുമായി കുട്ടനാട് എംഎൽഎ റെജി ചെറിയാൻ...

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ജി. സുധാകരന്റെ പരാമർശത്തിന് മറുപടിയുമായി കുട്ടനാട് എംഎൽഎ റെജി ചെറിയാൻ. തോട്ടപ്പള്ളിയിൽ ഔദ്യോഗിക സന്ദർശനത്തിന് പോയതല്ല. 35 വർഷത്തെ എൻജിനീയറിങ് പരിചയം തനിക്കുണ്ട്. ഇപ്പോൾ യുഡിഎഫിലാണെന്ന് ജി. സുധാകരൻ മനസിലാക്കിയിട്ടില്ല. തന്നെ വ്യക്തിപരമായി പറഞ്ഞാൽ അതിനപ്പുറം മറുപടി പറയുമെന്നും റെജി ചെറിയാൻ പ്രതികരിച്ചു. എംഎൽഎമാരുടെ രാജാവാകാൻ സുധാകരൻ ശ്രമിക്കേണ്ട, വ്യക്തിപരമായി പറഞ്ഞാൽ അതിന്റെ മൂന്നിരട്ടി തിരിച്ചും പറയുമെന്നും റെജി ചെറിയാൻ സുധാകരന് മുന്നറിയിപ്പ് നൽകി.

കുട്ടനാട്ടിലെ ജനങ്ങൾ വോട്ട് ചെയ്താണ് താൻ എംഎൽഎ ആയതെന്നും ആരുടെയും കയ്യിൽ നിന്നും എഴുതി വാങ്ങി എംഎൽഎ ആയതല്ലെന്നും റെജി ചെറിയാൻ പറഞ്ഞു. പൊഴി തുറന്ന് കിടക്കുകയാണോ, എന്താണ് ചെയ്യേണ്ടത് എന്ന് അറിയാനാണ് പോയത്. ഈ പറഞ്ഞ മഹാൻ മന്ത്രി ആയിരുന്ന കാലത്ത് അവിടെനിന്ന് കരിമണൽ കൊണ്ടുപോയിരുന്നു. അന്നത്തെ കാലത്ത് മണ്ണ് കൊണ്ടു പോയത് എങ്ങോട്ടാണെന്ന് ഭരിച്ചവർക്കാണ് അറിയാവുന്നത്. തോട്ടപ്പള്ളി പൊഴി തുറന്നു കിടക്കുകയാണോയെന്ന് അറിയാൻ ആണ് പോയത്. അതിനുള്ള അവകാശം കുട്ടനാട് എംഎൽഎയ്ക്ക് ഉണ്ട്. എൻജിനീയറെ അടക്കം വിളിച്ചുകൊണ്ടാണ് പോയതെന്നും റെജി ചെറിയാൻ പറഞ്ഞു. സുധാകരൻ ഇപ്പോഴും സിപിഐഎം ആണെന്നാണ് കരുതുന്നതെന്നും ഇത് യുഡിഎഫ് ആണെന്നും റെജി ചെറിയാൻ പറഞ്ഞു.

റെജി ചെറിയാന് സമ്പത്തിൻ്റെ അഹങ്കാരമെന്നായിരുന്നു ജി. സുധാകരൻ എംഎൽഎയുടെ വിമർശനം. സ്ഥലം എംഎൽഎയെ അറിയിക്കാതെ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും എംഎൽഎ സന്ദർശിച്ചതിലാണ് സുധാകരൻ്റെ വിമർശനം. ഒരു ജനപ്രതിനിധി മറ്റൊരു ജനപ്രതിനിധിയെ കവച്ചുവയ്ക്കാൻ പാടില്ല. താൻ നിയമസഭാ പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നൽകിയാൽ റെജി ചെറിയാനെതിരെ നടപടിയുണ്ടാകുമെന്നും ജി. സുധാകരൻ പറഞ്ഞു. ഒരു എംഎൽഎയുടെ മുകളിൽ വേറൊരു എംഎൽഎ അധികാരം സ്ഥാപിക്കുകയാണെന്നും ജി. സുധാകരൻ പറഞ്ഞിരുന്നു.

SCROLL FOR NEXT