തൃശൂർ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിൽ എന്ന അഭ്യൂഹത്തിൽ വമ്പൻ ട്വിസ്റ്റ്. സുകുമാരക്കുറുപ്പാണെന്ന അവകാശവാദത്തോടെ പുറത്ത് വന്ന ചിത്രങ്ങൾ തൃശൂർ സ്വദേശി ദാമോദര മേനോന്റെത് എന്ന് ബന്ധുക്കൾ. ദാമോദര മേനോൻ നാൽപ്പത് വർഷമായി മലേഷ്യയിൽ എന്ന് സഹോദരൻ കരുണാകര മേനോൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഉണ്ടെന്ന വാർത്തകൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ അഭ്യൂഹങ്ങളിൽ വ്യക്തത വരുത്താൻ പ്രചാരണത്തിൽ പരിശോധന നടത്താൻ കേരള പൊലീസ് തീരുമാനിച്ചിരുന്നു. വാർത്തകളിൽ കാണുന്നത് സുകുമാരക്കുറുപ്പ് ആണെന്നതിന് സ്ഥിരീകണമില്ലെന്നും ഇന്റർപോളിന് കത്ത് നൽകുമെന്നും പൊലീസ് അറിയിച്ചിരുന്നു.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം കേരള പൊലീസ് അവസാനിപ്പിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് സുകുമാരക്കുറുപ്പ് ബ്രൂണെയിലെന്ന വാർത്തകൾ പുറത്തുവന്നത്. കുറുപ്പ് ജീവിച്ചിരിപ്പില്ലെന്നും, ഹൃദ്രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചിരിക്കാമെന്നുമായിരുന്നു ക്രൈം ബ്രാഞ്ചിന്റെ നിഗമനം.
1984 ജനുവരി 22ന് പുലര്‍ച്ചെയാണ് താന്‍ മരിച്ചുവെന്ന് വരുത്താനായി, നിരപരാധിയായ ചാക്കോയെ ശ്വാസംമുട്ടിച്ച് കൊന്ന് കാറിലിട്ട് കത്തിച്ചത്. സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനായിരുന്നു കുറുപ്പിന്റെ കൃത്യം. ഇക്കാലത്തിനിടെ നടത്തിയ അന്വേഷണത്തില്‍, കേസിലെ മറ്റ് നാലു പ്രതികളും പിടിയിലായിട്ടും സുകുമാരക്കുറുപ്പ് എവിടെയെന്ന് കണ്ടെത്താന്‍ പോലും പൊലീസിന് കഴിഞ്ഞിരുന്നില്ല.
തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി മൂന്നു മാസം മുൻപാണ് സുകുമാരക്കുറുപ്പിന്റെ ഫയൽ പൊലീസ് വീണ്ടും തുറന്നത്. സുകുമാരക്കുറുപ്പിനെ കണ്ടിരുന്നു എന്നു പറഞ്ഞ ആലപ്പുഴ സ്വദേശി രത്നമ്മ ഉള്‍പ്പെടെ ഏതാനും സാക്ഷികളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
കൊലയ്ക്കുശേഷം കേരളത്തില്‍നിന്ന് കടന്ന കുറുപ്പിനെ കണ്ട ഏക മലയാളിയാണ് ഝാർഖണ്ഡിൽ നഴ്സായിരുന്ന രത്നമ്മ. അക്കാലത്ത് കുറുപ്പ് ഹൃദ്രോഗിയായിരുന്നുവെന്ന് രത്നമ്മ പറഞ്ഞിരുന്നു. രത്നമ്മ കണ്ടെന്നു പറയ സമയവും, കുറുപ്പിന്റെ പ്രായവും കണക്കുക്കൂട്ടിയാണ് ഇത്രയും കാലം ജീവിച്ചിരിക്കാന്‍ സാധ്യത ഇല്ലെന്ന അന്വേഷണ സംഘത്തിന്റെ നിഗമനം. തുടർന്നാണ് കേസിൽ തുടർനടപടി വേണ്ടെന്ന ആലോചനയിലേക്ക് പൊലീസ് എത്തിയതെന്നാണ് വിവരം.