റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് അനുവദനീയമായ അളവിലും കവിഞ്ഞ വിദേശമദ്യം പിടികൂടിയ കേസില്‍ എക്‌സൈസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പിടിച്ചെടുത്തതില്‍ വ്യാജമദ്യമുണ്ടെന്നും ഉറവിടം കണ്ടെത്തണമെന്നും പ്രതി ഒളിവില്‍ പോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് വിശദമായതും, രഹസ്യസ്വഭാവത്തിലുമുള്ള അന്വേഷണം വേണമെന്ന് എക്സൈസ് പറയുന്നു. കേസില്‍ സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ആന്റോയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയം, ആന്റോയുടെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും.
പ്രാഥമിക അന്വേഷണത്തില്‍ അനധികൃത മദ്യം കണ്ടെത്തിയ വീടിന്റെ ഉടമസ്ഥന്‍ പ്രതിയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് മുട്ടില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് കോടതിയെ അറിയിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. പ്രതി സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയാണ്. അതിനാല്‍ ജാമ്യം അനുവദിച്ചാല്‍ കേസിന്റെ സ്വതന്ത്രമായ അന്വേഷണം തടസപ്പെടും. സാക്ഷികളെ സ്വാധീനിക്കുന്നതിനും, തെളിവ് നശിപ്പിക്കാനും, ഒളിവില്‍ പോകാനും സാധ്യതയുണ്ട്. കണ്ടെടുത്ത തൊണ്ടി മുതലില്‍ വിദേശ നിര്‍മിത മദ്യവും, വ്യാജമദ്യവും കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ അവയുടെ ഉറവിടം കണ്ടെത്തണം. ഇതില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വിശദമായും, രഹസ്യസ്വഭാവത്തിലുള്ളതുമായ അന്വേഷണവും ആവശ്യമാണ്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും എക്സൈസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മീനങ്ങാടിയിലെ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ആന്റോ അഗസ്റ്റിനെ കോടതിയിൽ എത്തിച്ചത്. ഒന്നര മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് അനുവദിച്ചത്. കേസില്‍ ആന്റോയുടെ ജാമ്യാപേക്ഷയും നാളെ പരിഗണിക്കും. അതുവരെ ആന്റോ അഗസ്റ്റിനെ റിമാൻഡിൽ വയ്ക്കാനാണ് കോടതി നിർദേശം.
അർജന്റീന ടീം സന്ദർശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടില്‍ ബുധനാഴ്ച വയനാട്ടിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 67 ലിറ്ററിൽ അധികം മദ്യശേഖരം എക്‌സൈസ് പിടിച്ചെടുത്തത്. വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ നിന്ന് 138 കുപ്പി മദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്. 43 ലിറ്റർ വിദേശ മദ്യം, 4.8 ലിറ്ററോളം വിദേശനിർമിത വൈൻ, അഞ്ചര ലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവയാണ് പിടിച്ചെടുത്തത്. തുടര്‍ന്നാണ് വയനാട്ടില്‍ നിന്നുള്ള എക്‌സൈസ് സംഘം കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെത്തി ആന്റോയെ അറസ്റ്റ് ചെയ്തത്.അബ്‌കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയായിരുന്നു അറസ്റ്റ്.