കാസർഗോഡ്: ബലാത്സംഗക്കേസിൽ ഒളിവിൽപ്പോയ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കുമെന്ന് സൂചന. കാസർഗോഡ് ഹോസ്‌ദുർഗ് കോടതിയിൽ കീഴടങ്ങുമെന്നാണ് സൂചന. കോടതി പരിസരത്ത് ഹൊസ്ദുർഗ് ഡിവൈഎസ് പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ പൊലീസ് സന്നാഹമുണ്ട്.
രാഹുലിൻ്റെ മുൻകൂർ ജാമ്യഹർജി കോടതി തള്ളിയിരുന്നു. നിയമത്തിന് മുന്നിൽ കീഴടങ്ങുക എന്നതാണ് ഇനി രാഹുലിന് മുന്നിലുള്ള വഴി. മംഗലാപുരം ഭാഗത്താണ് രാഹുൽ ഒളിവിൽ കഴിയുന്നതെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കാസർഗോഡ് ഹോസ്‌ദുർഗ് കോടതിയിൽ ഹാജരായേക്കുമെന്ന സൂചന ലഭിച്ചത്.
അതേസമയം മുൻകൂർ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള കോടതി ഉത്തരവിൽ രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. ഉത്തരവിൻ്റെ പകർപ്പ് സ്യൂസ് മലയാളത്തിന് ലഭിച്ചു. കുറ്റകൃത്യത്തിൻ്റെ വ്യാപ്തി കണക്കിലെടുത്ത് ജാമ്യം നൽകാൻ കഴിയില്ലെന്നും, ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നും ഉത്തരവിൽ പറയുന്നു. പ്രതി എംഎല്‍എ ആയതുകൊണ്ട് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നടക്കം ഗുരുതര പരാമർശങ്ങളാണ് കോടതി ഉത്തരവിലുള്ളത്.