

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി ഉത്തരവിൽ രാഹുലിനെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ. ഉത്തരവിൻ്റെ പകർപ്പ് സ്യൂസ് മലയാളത്തിന് ലഭിച്ചു. കുറ്റകൃത്യത്തിൻ്റെ വ്യാപ്തി കണക്കിലെടുത്ത് ജാമ്യം നൽകാൻ കഴിയില്ല. ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കും. പ്രതി എം.എല്‍.എ ആയത് കൊണ്ട് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയെന്നുമടക്കം കോടതി ഉത്തരവിലുള്ളത് ഗുരുതര പരാമർശങ്ങൾ.
എന്നാൽ, രാഹുലിന് എതിരായ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത് പ്രോസിക്യൂഷന്‍ പരാമര്‍ശിച്ചത് കോടതി പരിഗണിച്ചില്ല. പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് രണ്ടാം എഫ്ഐആർ മാത്രം പരിഗണിച്ച് പറയാൻ കഴിയില്ലെന്നും കോടതി.
അതേസമയം, തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെ മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഉത്തരവിന്‍റെ പകർപ്പ് കിട്ടിയാൽ തൊട്ടു പിന്നാലെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് നീക്കം. മുൻകൂർ ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെ രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.