തിരുവനന്തപുരം: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) രോഗികൾക്കുള്ള ജീവൻരക്ഷാ മരുന്ന് മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാറ്റ്കോ ഫാർമാ കമ്പനി പ്രതിനിധികൾ ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്ത്. എസ്എംഎ രോഗബാധിതർക്ക് നാറ്റ്സ്മാർട്ട് വാങ്ങാനുള്ള ഉത്തരവ് ഇറങ്ങുന്നതിന് മുൻപ് ഓഗസ്റ്റിലായിരുന്നു സന്ദർശനം. സർക്കാർ ആശുപത്രികൾ സന്ദർശിച്ച് സഹായങ്ങൾ വാഗ്ദാനം ചെയ്യാനും കമ്പനികളുടെ പുതിയ പദ്ധതികളെ കുറിച്ച് അറിയിക്കാനുമായിരുന്നു കൂടിക്കാഴ്ചയെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
നാറ്റ്കോ കമ്പനിയുടെ മരുന്ന് വാങ്ങാനുള്ള ഉത്തരവ് ഇറങ്ങിയതിന് മുൻപാണ് കൂടിക്കാഴ്ച. നാറ്റ്കോയുടെ കേരള ഹെഡ്ഡും നാഷണൽ ചുമതലക്കാരനുമാണ് മന്ത്രിയെ സെക്രട്ടറിയേറ്റിലെ ഓഫീസിൽ എത്തി കണ്ടത്. കമ്പനി പ്രതിനിധികൾക്കൊപ്പം എസ്എടി ഡയറക്ടർ ഡോ. ഐ. റിയാസും ചീഫ് ഫാർമസിസ്റ്റ് എ. ബിജുവും ഉണ്ടായിരുന്നുത്. നിലവിൽ എസ്എടി ആശുപത്രി വഴിയാണ് സ്പൈനൽ മസ്കുലാർ അട്രോഫി രോഗികൾക്ക് സർക്കാർ സൗജന്യമായി മരുന്ന് നൽകുന്നത്.
അതേസമയം, രോഗികൾക്കുള്ള ജീവൻരക്ഷാ മരുന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ആശങ്കയോ പരാതിയോ ഇല്ലെന്ന ആരോഗ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇന്ത്യൻ കമ്പനിയുടെ വില കുറഞ്ഞ ജനറിക് മരുന്ന് നൽകാൻ സർക്കാർ തീരുമാനിച്ചതിനെതിരെ രോഗബാധിതനായ മൂന്ന് വയസുകാരൻ്റെ അമ്മ ആരോഗ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയുടെ പകർപ്പാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്.
മരുന്ന് മാറ്റുന്നതിനുള്ള ഉത്തരവ് ഇറങ്ങുന്നതിനും കരാറിലേർപ്പെടുന്നതിനും മുൻപ് തന്നെ രക്ഷിതാക്കൾ തങ്ങളുടെ ആശങ്കകളും അപേക്ഷകളും കത്ത് രൂപത്തിൽ മന്ത്രിക്ക് കൈമാറിയിരുന്നു എന്ന് ഇതോടെ വ്യക്തമായി. പുതിയ ജനറിക് മരുന്നിനെ കുറിച്ചുള്ള ആശങ്ക മാറ്റണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രോഗബാധിതരായ കുട്ടികളുടെ രക്ഷിതാക്കൾ. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വിതരണം ചെയ്ത പുതിയ മരുന്നിൻ്റെ കുപ്പികളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് മാത്രം എന്നും രേഖപ്പെടുത്തിയിരുന്നതാണ് മാതാപിതാക്കളെ വലിയ ആശങ്കയിലാക്കിയത്. തങ്ങളുടെ കുഞ്ഞുങ്ങളെ മരുന്ന് പരീക്ഷണത്തിന് ഇരയാക്കുകയാണോ എന്ന ഭയം ഇവരിലുണ്ടായി.
വിലകൂടിയ വിദേശ മരുന്ന് കഴിച്ചതിലൂടെ കുട്ടികളുടെ ആരോഗ്യനിലയിൽ വലിയ പുരോഗതി ഉണ്ടായിരുന്നു. ശാസ്ത്രീയ പഠനങ്ങൾ പൂർത്തിയാകാത്ത പുതിയ ജനറിക് മരുന്നിലേക്ക് പെട്ടെന്ന് മാറുമ്പോൾ കുട്ടികളുടെ അവസ്ഥ വീണ്ടും മോശമാകുമോ എന്നാണ് രക്ഷിതാക്കളുടെ പ്രധാന ആശങ്ക. പുതിയ ജനറിക് മരുന്നിൻ്റെ ഗുണനിലവാരത്തെക്കുറിച്ച് ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും മരുന്ന് മാറ്റരുതെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു മന്ത്രി കെ. മുരളീധരൻ്റെ വാദം.