കെ. മുരളീധരൻ Source: News Malayalam 24x7
KERALA

പുനഃസംഘടനയിലെ നീരസം? ശബരിമല വിശ്വാസസംരക്ഷണ യാത്രയിൽ കെ. മുരളീധരൻ പങ്കെടുക്കില്ല

കോണ്‍ഗ്രസിന്റെ ശബരിമല വിശ്വാസസംരക്ഷണ യാത്രയിൽ കെ. മുരളീധരൻ പങ്കെടുക്കില്ല

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെപിസിസിയുടെ വിശ്വാസസംരക്ഷണ പദയാത്രയിൽ ജാഥ ക്യാപ്റ്റൻ കെ. മുരളീധരൻ പങ്കെടുക്കില്ല. കാസർകോട് നിന്നും തുടങ്ങിയ വിശ്വാസ സംരക്ഷണയാത്രയുടെ ജാഥാ ക്യാപ്റ്റൻ ആയിരുന്നു മുരളീധരൻ. യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പുനഃസംഘടനകളിലെ നീരസമാണ് കാരണം. അതേസമയം വ്യക്തിപരമായ തിരക്കുകൾ ഉള്ളതുകൊണ്ടാണ് വിട്ടുനിൽക്കുന്നത് എന്നാണ് വിശദീകരണം. കെ.സി. വേണുഗോപാലിനെതിരായുള്ള പടയൊരുക്കമായും ഇത് വിലയിരുത്തുന്നുണ്ട്.

ശബരിമല സ്വർണ്ണ മോഷണ വിവാദവുമായി ബന്ധപ്പെട്ട് നാല് മേഖല ജാഥകൾ ആയിരുന്നു കെപിസിസി നടത്തിയത്. ഇതിൽ കാസർഗോഡ് നിന്നുള്ള ജാഥാ ക്യാപ്റ്റൻ ആയിരുന്നു കെ മുരളീധരൻ. എന്നാൽ ജാഥ സമാപിക്കുന്ന ദിവസം പദയാത്രയിൽ കെ. മുരളീധരൻ പങ്കെടുക്കുന്നില്ല. കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വിട്ടുനിൽക്കാൻ കാരണമെന്നാണ് സൂചന.

കെ. മുരളീധരൻ ആകെ നൽകിയിരുന്ന പേര് കെ.എം. ഹാരിസിന്റേതായിരുന്നു. ചില മാനദണ്ഡങ്ങളിൽ തട്ടി ഹാരിസിന്റെ പേര് വെട്ടി. പിന്നീട് പരിഗണിക്കേണ്ടിയിരുന്ന പേര് മര്യാപുരം ശ്രീകുമാറിന്റെ ആയിരുന്നു. അതും കെപിസിസി ജനറൽ സെക്രട്ടറി പട്ടികയിൽ നിന്ന് വെട്ടി. പുറമേക്ക് പാർട്ടിയാണ് പല്ലെന്നു പറയുന്നുണ്ടെങ്കിലും കെപിസിസി പുനഃസംഘടനയിലും യൂത്ത് കോൺഗ്രസ് അധ്യക്ഷരെ അടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കെ. മുരളീധരന്റെ നിലപാടിന് പാർട്ടി അംഗീകാരം നൽകിയില്ലെന്ന നീരസം ഉണ്ട്. അതേസമയം മുരളീധരൻ നയിച്ച ജാഥ കഴിഞ്ഞദിവസം ചെങ്ങന്നൂരിൽ ഔദ്യോഗികമായി സമാപിച്ചെന്നും യുഡിഎഫിന്റെ പദയാത്രയാണെന്നും അതിൽ മറ്റു നേതാക്കന്മാർ പങ്കെടുക്കുമെന്നുമാണ് മുരളീധരൻ ഒപ്പമുള്ളവർ പറയുന്നത്.

മുൻകൂട്ടി നിശ്ചയിച്ച ഒഴിവാക്കാനാകാത്ത ചില പരിപാടികളുണ്ട് അതിൽ പങ്കെടുക്കേണ്ടതുണ്ട് ഗുരുവായൂർ ദർശനത്തിന് ഈ മാസം മറ്റു ദിവസങ്ങളില്ലെന്നും മുരളീധരന് ഒപ്പമുള്ളവർ പറയുന്നു. കേരള രാഷ്ട്രീയത്തിൽ പിടിമുറുക്കുന്ന കെസി വേണുഗോപാലിനോടുള്ള ശക്തമായ എതിർപ്പാണ് ഇത്തരത്തിൽ വിട്ടുനിൽക്കാൻ കാരണമെന്നാണ് വിലയിരുത്തുന്നത്. കെ സി വേണുഗോപാലിനൊപ്പം നിൽക്കുന്നവർക്ക് പരമാവധി സ്ഥാനമാനങ്ങൾ നൽകി, മറ്റു നേതാക്കളെ വെട്ടിയൊതുക്കുകയാണെന്നുള്ള പൊതുവികാരവും ഉണ്ട്. എ,ഐ ഗ്രൂപ്പുകൾക്കിടയിൽ ഇത് ശക്തവുമാണ്.

അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ആക്കാത്തതിനെതിരെയുള്ള പ്രതികരണത്തിൽ ചാണ്ടി ഉമ്മനും കെ.സി. വേണുഗോപാൽ പക്ഷത്തോടുള്ള എതിർപ്പ് വ്യക്തമാക്കിയിരുന്നു അപ്പന്റെ ഓർമ്മദിനം തന്നെ യൂത്ത് കോൺഗ്രസിൽ നിന്ന് വെട്ടിയതും കെസി വേണുഗോപാലിനെയും അദ്ദേഹത്തിനൊപ്പം ഉള്ളവരെയും ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. എന്നാൽ കഴിഞ്ഞ ദിവസം മയപ്പെട്ട ചാണ്ടി പാർട്ടിയാണ് വലുതെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും പറഞ്ഞെങ്കിലും ഇന്നത്തെ സമാപന പദയാത്രയിൽ ചാണ്ടിയും പങ്കെടുത്തേക്കില്ല. കെ.സി. വേണുഗോപാൽ പക്ഷത്തോടുള്ള എതിർപ്പ് പരിഹാസപൂർവ്വം പ്രകടമാക്കി കെ. സുധാകരൻ രംഗത്തെത്തി.

SCROLL FOR NEXT