KERALA

കേന്ദ്ര ബജറ്റിലെ അവഗണന, നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും; എയിംസും അതിവേഗ റെയിലും അനുവദിക്കണമെന്ന് ആവശ്യം

ചട്ടം 118 പ്രകാരമാണ് ഔദ്യോഗിക പ്രമേയം കൊണ്ടുവരുന്നത്

Author : ലിൻ്റു ഗീത

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ അവഗണനയ്ക്ക് എതിരെ ഇന്ന് നിയമസഭയിൽ പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന പ്രമേയത്തിൽ എയിംസും അതിവേഗ റെയിലും അനുവദിക്കണമെന്ന് ആവശ്യപ്പെടും. കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടാനാണ് നീക്കം. ചട്ടം 118 പ്രകാരമാണ് ഔദ്യോഗിക പ്രമേയം കൊണ്ടുവരുന്നത്. കേരളത്തോട് നിര്‍ഭാഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും കേരളത്തോട് കേന്ദ്രത്തിന് അവഗണനയാണെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും പ്രതികരിച്ചിരുന്നു.

ബഡ്ജറ്റില്‍ ആശ്വാസമുണ്ടാകും എന്ന് പലരും കരുതിയിരുന്നത്. ബജറ്റ് അവരെയും നിരാശപ്പെടുത്തി. എക്കണോമിക് സര്‍വേയില്‍പലതവണ നേട്ടങ്ങളുടെ പേരില്‍ കേരളത്തെ പരാമര്‍ശിച്ചിരുന്നു. എന്നാൽ ബജറ്റില്‍ പേരോ പദ്ധതിയോ ഒന്നും ലഭിച്ചില്ല. കോഴിക്കോട് എയിംസ് സ്ഥാപിക്കാവുന്നതാണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. കേന്ദ്രത്തില്‍ നേതാക്കളെ കാണുമ്പോള്‍ ഇപ്പൊ കിട്ടും എന്ന മട്ടിലാണ് സംസാരം. എല്ലാവര്‍ഷവും നിരാശയാണ് ഫലമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന കാര്യങ്ങളില്‍ കേരളത്തിലെ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നാടിന്റെ ആവശ്യങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളില്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കുമ്പോള്‍, കേരളത്തില്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും പ്രതിപക്ഷം എതിര്‍ക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

SCROLL FOR NEXT