

മോസ്‌കോ: റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തള്ളി റഷ്യ. ഇതു സംബന്ധിച്ച് ഒരു ഔദ്യോഗിക വിവരവും ലഭിച്ചിട്ടില്ലെന്നും ഇന്ത്യയുമായി നയതന്ത്ര ബന്ധം തുടരുമെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെഷ്‌കോവ് പറഞ്ഞു.
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറിനെ റഷ്യ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ ഇന്ത്യയുമായുള്ള റഷ്യയുടെ ബന്ധം തന്നെയാണ് തങ്ങള്‍ക്ക് മുന്‍ഗണനയെന്നും നയതന്ത്ര വക്താവ് പറഞ്ഞു. നിലവില്‍ റഷ്യന്‍ എണ്ണയ്ക്കായുള്ള ആവശ്യകത ശക്തമായി തന്നെയാണ് നിലകൊള്ളുന്നത്. നേരത്തേതു പോലെ ആ ബന്ധം തുടരുമെന്ന സൂചനയും പെഷ്‌കോവ് നല്‍കി.
കഴിഞ്ഞ ദിവസം വ്യാപാര കരാറില്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി മോദിയോടുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്ത്, അദ്ദേഹത്തിന്റെ അഭ്യര്‍ഥന പ്രകാരം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിന് സമ്മതിച്ചുവെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തത്. താരിഫ് 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കി
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താമെന്ന് നരേന്ദ്ര മോദി സമ്മതിച്ചതായും പോസ്റ്റില്‍ പറയുന്നുണ്ട്. യുഎസില്‍ നിന്ന് വെനസ്വേലയുടെ എണ്ണ വാങ്ങുമെന്ന് മോദി അറിയിച്ചതായും ട്രംപ് വ്യക്തമാക്കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുന്നതോടെ യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാനാകുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
പിന്നാലെ കരാര്‍ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. പ്രിയ സുഹൃത്ത് ട്രംപുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നാണ് നരേന്ദ്ര മോദി എക്സിലൂടെ പറഞ്ഞത്. രാജ്യത്തെ 1.4 ബില്യണ്‍ ജനങ്ങളുടെ പേരില്‍ നന്ദി അറിയിക്കുന്നുവെന്നും ട്രംപിന്റെ സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും മോദി വ്യക്തമാക്കി.
നികുതി ഇളവ് നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് നരേന്ദ്ര മോദി അറിയിച്ചു. മോദിയും ട്രംപും ഫോണില്‍ സംസാരിച്ചുവെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ സര്‍ജിയോ ഗോര്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇരു നേതാക്കളും വ്യാപാര കരാറിനെ കുറിച്ച് അറിയിച്ചത്. വ്യാപാര കരാറിനെ കുറിച്ചാണ് നേതാക്കള്‍ സംസാരിച്ചതെന്ന് സൂചനയുണ്ടായിരുന്നു.