പി.കെ. മേദിനി, വി.എസ്. അച്യുതാനന്ദൻ 
KERALA

''എന്നോട് ചോദിക്കും നീ പാടിയില്ലേ എന്ന്, ഒന്നുകൂടി പാടാന്‍ പറയും''; വിഎസിനെക്കുറിച്ചുള്ള ഓര്‍മകളുമായി വിപ്ലവ ഗായിക പി.കെ. മേദിനി

"നിങ്ങള്‍ തന്‍ ഓര്‍മയില്‍ വിടര്‍ന്ന ചെങ്കൊടിയുമായി ഞങ്ങള്‍ ആയിരങ്ങളിന്നു നേര്‍ന്നതാണീ റെഡ് സല്യൂട്ട്.... ഓര്‍മകള്‍ പങ്കുവെച്ച ശേഷം പികെ മേദിനി പാടി"

Author : ന്യൂസ് ഡെസ്ക്

ജനങ്ങളില്‍ നിന്ന് ഒരിക്കല്‍ പോലും അകന്ന് പോകാത്ത വലിയ ഒരു അക്ഷരമാണ് വി.എസ്. എന്ന് വിപ്ലവ ഗായികയും നാടക പ്രവര്‍ത്തകയുമായ പി.കെ. മേദിനി. വയലാറില്‍ വിഎസ് വരുമ്പോള്‍ വലിയ ആരവമാണ് ഉണ്ടാവുകയെന്നും തന്നെ ഒരു പൊതു പരിപാടിയില്‍ കണ്ടാല്‍ നീ പാടിയോ എന്നാണ്് ചോദിക്കുകയെന്നും പി.കെ. മേദിനി ഓര്‍ത്തെടുക്കുന്നു.

'എല്ലാ ഓര്‍മകളും എന്റെ മനസിലുണ്ട്. എത്രയോ മുഖ്യമന്ത്രിയായിട്ടും ഒരിക്കല്‍ പോലും ജനങ്ങളില്‍ നിന്ന് അകന്ന് പോകാത്ത വലിയ ഒരു അക്ഷരമാണ് വിഎസ്. വയലാറില്‍ വിഎസ് വരുമ്പോള്‍ വലിയ ആരവമാണ് ഉണ്ടാവുക. ആദ്യം തന്നെ എന്നോട് ചോദിക്കുക നീ പാടിയോ എന്നാണ്. പാടിയെന്ന് പറഞ്ഞാല്‍ ഒന്നുകൂടി പാടൂ എന്ന് പറയും. ആളുകള്‍ ഒന്ന് അടങ്ങി ഇരിക്കട്ടെ എന്ന് പറയും. അപ്പോള്‍ ഞാന്‍ പറയും വിഎസിന്റെ ശബ്ദം കേള്‍ക്കാനാണ് ആളുകള്‍ എല്ലാമിരിക്കുന്നതെന്ന്. അപ്പോള്‍ പറയും, ഒരു പാട്ടുകൂടി പാടെന്ന്. ഇത്തരത്തില്‍ ഒരുപാട് ഓര്‍മകള്‍ വിഎസിനെക്കുറിച്ച് മനസിലൂടെ കടന്ന് പോകുന്നുണ്ട്,' പി.കെ. മേദിനി ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഓര്‍മകള്‍ പങ്കുവെച്ച ശേഷം പികെ മേദിനി പാടി;

'നിങ്ങള്‍ തന്‍ ഓര്‍മയില്‍ വിടര്‍ന്ന ചെങ്കൊടിയുമായി

ഞങ്ങള്‍ ആയിരങ്ങളിന്നു നേര്‍ന്നതാണീ റെഡ് സല്യൂട്ട്....

ഞങ്ങള്‍ ആയിരങ്ങളിന്നു നേര്‍ന്നതാണീ റെഡ് സല്യൂട്ട്...,' പി.കെ. മേദിനി പാടി നിര്‍ത്തി.

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. ജൂണ്‍ 23ന് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം സ്വന്തം നാടായ ആലപ്പുഴയിലേക്ക് വിലാപയാത്രയായി എത്തുകയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതികായനായ വിഎസിനെ വിവിധ മേഖലകളിലുള്ളവര്‍ അനുശോചിച്ചു.

പ്രായാധിക്യത്തേയും ശാരീരിക അവശതകളേയും തുടര്‍ന്ന് 2020ലാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങിയത്. എങ്കിലും കേരളത്തിലെ ഓരോ രാഷ്ട്രീയ വാര്‍ത്തകളിലും വിഎസിന്റെ നിലപാടുകള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി ജനങ്ങള്‍ കാതോര്‍ത്തിരുന്നു. പറഞ്ഞാലും എഴുതിയാലും നീണ്ടുപോകുന്ന ചരിത്രമാണ് വിഎസ് അച്യുതാനന്ദനെന്ന മനുഷ്യന്‍. കേരളത്തിനും മുമ്പേ ജനിച്ച കേരളത്തെ രാഷ്ട്രീയമായി രൂപപ്പെടുത്തിയ ആ അതികായന്റെ വിയോഗത്തോടെ അസ്തമിക്കുന്നത് മലയാള നാടിന്റെ വിപ്ലവ ചരിത്രത്തിലെ സുവര്‍ണ ഏടാണ്.

SCROLL FOR NEXT