തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കനത്ത തോൽവിയിൽ അതൃപ്തി പരസ്യമാക്കി ആർജെഡി. പരാജയപ്പെടുമെന്ന് ഉറപ്പുള്ള സീറ്റുകൾ സിപിഐഎം അടിച്ചേൽപ്പിച്ചെന്ന് ആർജെഡി ദേശീയ സമിതി അംഗം യൂജിൻ മോറേലി ന്യൂസ് മലയാളത്തോട് പറഞ്ഞു. മുന്നണി ഐക്യത്തിന്റെ ഭാഗമായാണ് പ്രയാസം അനുഭവിച്ച പലസ്ഥലങ്ങളിലും മത്സരിച്ചതെന്നും യൂജിൻ പറയുന്നു.
മര്യാദയുള്ള രാഷ്ട്രീയകക്ഷിയായതിനാലാണ് തെരഞ്ഞെടുപ്പ് സമയത്ത് പ്രശ്നങ്ങളുണ്ടാകാതിരുന്നതെന്ന് ആർജെഡി നേതാവ് പറയുന്നു. ആർജെഡി മോശപ്പെട്ട രാഷ്ട്രീയകക്ഷിയല്ല , സിപിഎമ്മിനെക്കാളും സിപിഐയെക്കാളും ചിലയിടങ്ങളിൽ രാഷ്ട്രീയ ശക്തിയുണ്ട്. ഒരു തെരഞ്ഞെടുപ്പിലോ, എൽഡിഎഫിൻ്റെ ഘടക സംവിധാനങ്ങളിലോ ആർജെഡിക്ക് ഇതുവരെ അർഹമായ പരിഗണന ലഭിച്ചിട്ടില്ല.
ദുർബലരായി മാറിയ കേരള കോൺഗ്രസിന് ലഭിച്ച പരിഗണന തങ്ങൾക്ക് ഒരിക്കലും ലഭിച്ചിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും ജയിക്കാത്ത കക്ഷികൾക്കും സംസ്ഥാന മന്ത്രിസഭയിൽ പങ്കാളിത്തം നൽകി. ഇക്കാര്യങ്ങൾ തുറന്നു പറയാതിരിക്കുന്നത് പാർട്ടി പ്രവർത്തകരോടും മുന്നണിയോടും ചെയ്യുന്ന തെറ്റായി പോകും എന്നതിനാൽ മാത്രമാണ്. എൽഡിഎഫ് മുന്നണി വിടുന്നതിനെ കുറിച്ച് ഈ ഘട്ടത്തിൽ ആലോചിച്ചിട്ടില്ലെന്നും പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
"എൽഡിഎഫ് രൂപീകരണത്തിലടക്കം വലിയ പാരമ്പര്യമുള്ള ഞങ്ങളുടെ പാർട്ടിയെ പൂർണമായും അവഗണിക്കുകയാണ്. ഒരു ജില്ലയിലോ മണ്ഡലത്തിലോ പോലും എൽഡിഎഫിന്റെ കൺവീനർ സ്ഥാനം ആർജെഡിക്ക് നൽകിയില്ല. യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് വന്നത് അടിസ്ഥാനമായ ഇടം എന്ന നിലയിലാണ്. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും എംപി വീരേന്ദ്രകുമാറിന്റെ വീട്ടിലെത്തി നേരിട്ട് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആർജെഡി എൽഡിഎഫിൽ എത്തിയത്. എന്നാൽ എട്ടര വർഷം കഴിഞ്ഞിട്ടും അതിൻറെ ആനുകൂല്യങ്ങൾ ഒന്നും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല," യൂജിൻ പറയുന്നു.
ശബരിമല വിഷയത്തിൽ അടക്കം എൽഡിഎഫിന് വലിയ പാളിച്ചകൾ സംഭവിച്ചെന്നും യൂജിൻ ആരോപിച്ചു. തെറ്റുകാരായ ആളുകൾക്കെതിരെ സിപിഐഎം ശക്തമായ നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ശബരിമലയിൽ തൊട്ടാൽ കൈ പൊള്ളുമെന്ന് എൽഡിഎഫ് നേതൃത്വം മനസ്സിലാക്കണമായിരുന്നുവെന്നും യൂജിൻ മൊറേലി ന്യൂസ് മലയാളത്തോട് പറഞ്ഞു.