കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫീസിലെ കവർച്ച കേസിൽ ബിജെപി നേതാവ് ബാലകൃഷ്ണൻ പൊലീസിൽ കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് ഇയാൾ പൊലീസിൽ കീഴടങ്ങിയത്. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി നഗരസഭ മൂന്നാം വാര്‍ഡിൽ മത്സരിച്ചിരുന്നു. കേസിലെ അഞ്ച് പ്രതികൾ ഒളിവിലാണ്.
ഇൻഡസ്ട്രിയൽ വർക്കറായ തനിക്ക് ഖത്തറിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് മറ്റ് പ്രതികൾ അങ്ങോട്ട് കൊണ്ടുപോയതെന്നും, മോഷണത്തിനാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് ബാലകൃഷ്ണൻ പൊലീസിന് നൽകിയ മൊഴി.
കെഎംസിസി ഓഫിസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്തു നൽകിയത് ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ട്. കുറ്റബോധം കാരണമാണ് കീഴടങ്ങുന്നതെന്നും ഇയാൾ വ്യക്തമാക്കി. 2025 സെപ്റ്റംബറിലാണ് ഖത്തർ അൽ തുമാമയിലെ കെഎംസിസി ആസ്ഥാനത്തെ റൂം ബോയിയെ കെട്ടിയിട്ട്, ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോങ് റൂം തകർത്ത് 31 ലക്ഷം റിയാൽ കവർന്നു എന്നാണ് കേസ്.
കേസിൽ കെഎംസിസി ഖത്തർ വൈസ് പ്രസിഡൻ്റ് പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പൊലീസ് ആറ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബോംബെ ഷാജി, റാഷി പയ്യോളി, സാലിഹ് , ഹസൻ, നിസാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവർക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.