KERALA

വന്ദേഭാരത് ഉദ്ഘാടനത്തിൽ ആർഎസ്എസ് ഗണഗീതം; വീഡിയോ പങ്കുവച്ച് സതേൺ റെയിൽവേ

സതേൺ റെയിൽവേയുടെ ഔദ്യോഗിക പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: എറണാകുളം- ബം​ഗളൂരു വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തതതിന് പിന്നാലെ ആർഎസ്എസ് ഗണഗീതം പാടുന്ന വീഡിയോ പങ്കുവച്ച് സതേൺ റെയിൽവേ. സതേൺ റെയിൽവേയുടെ ഔദ്യോഗിക പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദേശഭക്തി ഗാനം ആലപിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പങ്കുവച്ചത്.

ആർഎസ്എസ് ഗണഗീതം ആലപിച്ചത് പരിപാടിയെ വർഗീയവൽക്കരിക്കാൻ വേണ്ടിയാണ് എന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. വന്ദേഭാരത് ഉദ്ഘാടനം ബിജെപി പരിപാടിയാക്കി. ആർഎസ്എസിൻ്റെ ഹിന്ദുത്വ വർഗീയതയാണ് ദേശീയത എന്ന തരത്തിലേക്ക് എത്തി നിൽക്കുന്നത്. ബ്രീട്ടിഷുകാർക്ക് വിടുവേല ചെയ്തുകൊടുത്ത ഒരു സംഘടന ഇന്ത്യയുടെ പ്രതിരൂപമായി രംഗത്ത് വരുന്നു എന്നത് അപഹാസ്യമായ കാര്യമാണ് എന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

കേരളത്തിലേക്കുള്ള മൂന്നാമത്തെ വന്ദേഭാരതാണ് എറണാകുളം ജങ്ഷൻ- കെഎസ്ആർ ബംഗളൂരു ട്രെയിൻ. എട്ട് കോച്ചുകളുള്ള ട്രെയിനിൽ 600ലേറെ സീറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. 8 മണിക്കൂറും 40 മിനിറ്റും കൊണ്ട് 630 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് റെയിൽവേ അറിയിക്കുന്നത്.

ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. ആകെ 11 സ്റ്റോപ്പുകളാണ് വന്ദേഭാരതിന് ഉള്ളത്. ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50ന് എറണാകുളത്തെത്തും. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 2.20 ന് ട്രെയിന്‍ ബെംഗളൂരുവിലേക്ക് പുറപ്പെട്ടാൽ രാത്രി 11 ന് എത്തും.

SCROLL FOR NEXT