ശബരിമല Source: Social Media
KERALA

ശബരിമല നെയ്യ് വിതരണത്തിൽ വൻ അഴിമതി; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്ക് കൂടി അന്വേഷിക്കണം എന്നാണ് മന്ത്രിയുടെ ആവശ്യം

Author : ന്യൂസ് ഡെസ്ക്

ശബരിമലയിലേക്ക് മിൽമ നെയ്യ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അഴിമതിയില്‍ ദേവസ്വം മന്ത്രി കെ. മുരളീധരൻ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കണം. നെയ്യുടെ അളവും ഗുണനിലവാര പരിശോധനാ സംവിധാനങ്ങളും അന്വേഷിക്കണം. വിഷയത്തിൽ ദേവസ്വം സെക്രട്ടറി തിരുവിതാംകൂർ ദേവസ്വം ബോർഡുമായി കൂടിയാലോചിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദേശം.

മിൽമ തിരുവനന്തപുരം യൂണിയനിൽ നിന്ന് ശബരിമലയിലേക്ക് നൽകിയ നെയ്യ് യാത്രാമധ്യേ വഴിതിരിച്ചുവിടുകയും പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇതിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്ക് കൂടി അന്വേഷിക്കണം എന്നാണ് മന്ത്രിയുടെ ആവശ്യം . വിതരണം ചെയ്ത ഗുണനിലവാരമില്ലാത്ത നെയ്യുടെ അളവ്, ദേവസ്വം ബോർഡിന്റെ ഗുണനിലവാര പരിശോധനാ സംവിധാനങ്ങളിലെ പാളിച്ചകൾ എന്നിവ റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് ദേവസ്വം സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നു.

നെയ്യ് സ്വീകരിക്കുന്നതിലോ സൂക്ഷിക്കുന്നതിലോ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കണം. അടിയന്തരമായി സ്വീകരിക്കേണ്ട ഭരണപരവും നിയമപരവുമായ നടപടികൾ സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശിക്കണമെന്നും കത്തിൽ നിർദേശിക്കുന്നുണ്ട്.

SCROLL FOR NEXT