തിരുവനന്തപുരം: ശബരിമലയിലെ ആടിയ നെയ് അഴിമതി കേസിൽ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി സുനിൽകുമാർ പോറ്റിയാണ് അറസ്റ്റിലായത്. വിജിലൻസിൻ്റെ പത്തനംതിട്ട യൂണിറ്റാണ് കേസിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആടിയ ശിഷ്ടം നെയ്യ് വിതരണത്തിൻ്റെ ചുമതലക്കാരനാണ് അറസ്റ്റിലായ സുനിൽകുമാർ. കേസിലെ 13ആം പ്രതിയാണ്. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം 33 പേരാണ് ആകെ കേസിലുള്ളത്. സുനിൽകുമാർ പോറ്റിയെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
നെയ്യഭിഷേകത്തിന് അവസരം ലഭിക്കാത്ത തീര്‍ഥാടകര്‍ക്കാണ് അഭിഷേകം നടത്തിയ നെയ്യ് പായ്ക്കറ്റുകളിലാക്കി വില്‍പന നടത്തുന്നതായി കണ്ടെത്തിയത്. 100 മില്ലി ലിറ്ററിന്റെ കവറിൽ നിറച്ച ഒരു പാക്കറ്റ് ആടിയ ശിഷ്ടം നെയ്യ് 100 രൂപ വിലയ്ക്കാണ് വിൽപന നടത്തിയത്. ടെംപിള്‍ സ്പെഷല്‍ ഓഫീസര്‍ ഏറ്റുവാങ്ങി കൗണ്ടറുകള്‍ വഴി വിതരണം ചെയ്യുന്ന ഈ നെയ്യിൻ്റെ കണക്കുകളില്‍ ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കൃത്രിമം പുറത്തുവന്നത്.