KERALA

തന്ത്രിയും പോറ്റിയും അടുത്ത സുഹൃത്തുക്കള്‍; പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും കണ്ഠരര് രാജീവര്

2018 മുതല്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു

Author : നസീബ ജബീൻ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരും ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും അടുത്ത സുഹൃത്തുക്കളെന്ന് പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി)ത്തിന്റെ കണ്ടെത്തല്‍.

പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധത്തിന് എസ്‌ഐടിക്ക് തെളിവ് ലഭിച്ചിരുന്നു. 2018 മുതല്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും കണ്ഠരര് രാജീവരാണ്.

കേസിലെ മറ്റൊരു പ്രതിയായ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധന്റെ ജുവല്ലറിയുടെ ഉദ്ഘാടനത്തിന് പ്രത്യേക പൂജ നടത്താനായി പോയതും കണ്ഠരര് രാജീവരുടെ ബന്ധുവും ഇപ്പോഴത്തെ ശബരിമല തന്ത്രിയുമായ കണ്ഠരര് മോഹനര് ആണ്.

സ്വര്‍ണ്ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തതും തന്ത്രിയാണ്. എ. പത്മകുമാറും കണ്ഠരര് രാജീവരും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും അറിഞ്ഞുകൊണ്ട് നടത്തിയ കൊള്ളയാണ് ശബരിമലയിലേത്.

രാവിലെ മുതല്‍ ചോദ്യം ചെയ്തതിനു ശേഷമാണ് തന്ത്രിയെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. നാല് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. തന്ത്രിയാണ് പോറ്റിയെ ശബരിമലയില്‍ എത്തിച്ചതെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ അടക്കമുള്ളവര്‍ എസ്‌ഐടിക്ക് മൊഴി നല്‍കിയിരുന്നു.

ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, സ്മാര്‍ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ധന്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍, മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍, കണ്ഠരര് രാജീവര് തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍.

SCROLL FOR NEXT