പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ ചോദ്യമുന സ്വന്തം പാളയത്തിലേക്ക് നീണ്ടതോടെ എസ്ഐടിക്കെതിരെ കോൺഗ്രസ്. അന്വേഷണ രീതിയിൽ സംശയമുണ്ടെന്ന് കെ.സി വേണുഗോപാലും, എസ്ഐടിക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ സമ്മർദമുണ്ടെന്ന് വി.ഡി സതീശനും, ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന വാർത്തയ്ക്ക് പിന്നിൽ പി. ശശിയെന്ന് അടൂർ പ്രകാശും പ്രതികരിച്ചു.
ഇതോടെ ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക സംഘത്തിൻ്റെ അന്വേഷണത്തിൽ തൃപ്തിയെന്ന നിലപാടിൽ നിന്ന് പിന്നാക്കം പോവുകയാണ് കോൺഗ്രസ് നേതാക്കൾ. യുഡിഎഫ് കൺവീനറായ അടൂർ പ്രകാശിൻ്റെ മൊഴിയെടുക്കാൻ വിളിപ്പിക്കുമെന്ന വാർത്തകൾ വന്നതോടെയാണ് നേതൃത്വം പ്രതിസന്ധിയിൽ ആയത്.
സ്വന്തക്കാരിലേക്ക് അന്വേഷണം എത്തുമ്പോൾഎസ്ഐടിയെ തടയാൻ ശ്രമം നടക്കുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സ്വന്തക്കാരെ വിളിക്കുമ്പോൾ എന്തിനാണ് കോൺഗ്രസ് നേതാക്കൾക്ക് പരിഭ്രാന്തിയെന്ന് മന്ത്രി എം.ബി. രാജേഷും പി. രാജീവും ചോദ്യമുന്നയിച്ചു. അന്വേഷണത്തിൻ്റെ പോക്കിൽ ഭയം ഉണ്ടെങ്കിൽ പാരഡി ഗാനം ഒരുമിച്ച് പാടിയാൽ മതിയെന്നും മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചു.