തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്ത് എസ്ഐടി. ചെന്നൈയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവരം ശേഖരിക്കുന്നതിനായാണ് അന്വേഷണസംഘം ജയറാമിനെ ചോദ്യം ചെയ്തത്.
സ്വര്‍ണപ്പാളികളുമായി ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ പൂജയില്‍ നടന്‍ ജയറാമും ഭാഗമായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിൻ്റെ ഭാഗമായി ജയറാമിനെ ചോദ്യം ചെയ്തത്. കട്ടിള പാളി കേസിൽ ജയറാമിനെ സാക്ഷിയാക്കാനുള്ള നീക്കം നടക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
ചെന്നൈ അമ്പത്തൂരിലെ ഫാക്ടറിയിൽ വച്ച് ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം പൂജയിൽ പങ്കെടുക്കുന്ന ജയറാമിൻ്റെ ചിത്രം പുറത്തുവന്നിരുന്നു. പോറ്റിയെ ശബരിമലയിൽ വച്ച് കണ്ട് പരിചയം മാത്രമാണ് ഉള്ളതെന്ന് പറഞ്ഞ ജയറാം, പൂജയിൽ പങ്കെടുക്കാൻ ക്ഷണിച്ചപ്പോൾ പോയെന്നായിരുന്നു ആദ്യഘട്ടത്തിൽ വ്യക്തമാക്കിയത്.
ഉണ്ണികൃഷ്ണൻ പോറ്റി പല പരിപാടികൾക്കും വിളിക്കാറുണ്ടെന്നും ശബരിമലയിൽ മേളം നടത്താമോ എന്ന് ചോദിച്ചിരുന്നുവെന്നും ജയറാം പറഞ്ഞിരുന്നു. അഞ്ചുവർഷം മുമ്പ് നടന്ന പൂജ ഇപ്പോൾ വിവാദമാകുമെന്ന് കരുതിയില്ലെന്നും ജയറാം കൂട്ടിച്ചേർത്തിരുന്നു.