KERALA

"ശബരിമലയിൽ കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും"; തന്ത്രിയുടെ മൊഴി

ആചാരപരമായ കാര്യങ്ങൾ നിയന്ത്രിക്കുക മാത്രമായിരുന്നു തൻ്റെ ചുമതലയെന്നും തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിനെതിരെ തന്ത്രി കണ്ഠരര് രാജീവര്‌രുടെ മൊഴി. സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡും ഉദ്യോഗസ്ഥരുമാണ്. ആചാരപരമായ കാര്യങ്ങൾ നിയന്ത്രിക്കുക മാത്രമായിരുന്നു തൻ്റെ ചുമതലയെന്നും തന്ത്രി ഇഡിക്ക് മൊഴി നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയെ സന്നിധാനത്തേക്ക് സ്പോൺസറായി എത്തിച്ചത് താനല്ലെന്നും തന്ത്രി വ്യക്തമാക്കി. തന്ത്രിയുടെ മൊഴി വിശദമായി പരിശോധിച്ച് ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചു.

സ്വർണക്കൊള്ളയിൽ തന്ത്രിക്കെതിരെ നിഡണായക വിവരങ്ങൾ എസ്ഐടി കണ്ടെത്തിയിരുന്നു. പോറ്റി സ്വര്‍ണം കൊണ്ടുപോയി തട്ടിപ്പ് നടത്തിയ വിവരം തന്ത്രി കണ്ഠരര് രാജീവരിന് അറിയാമായിരുന്നു എന്നാണ് എസ്ഐടി കണ്ടെത്തൽ. ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മില്‍ അടുത്ത ബന്ധമുണ്ട്. തന്ത്രിയാണ് പോറ്റിയെ ശബരിമലയില്‍ എത്തിച്ചത്. സ്വര്‍ണം പൊതിഞ്ഞ പാളി എന്ന് അറിയാമായിരുന്നിട്ടും ചെമ്പ് പാളി എന്ന് എഴുതിയ മഹസറില്‍ തന്ത്രി ഒപ്പിട്ടുവെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു.

സ്വർണക്കൊള്ള കേസിൽ കണ്ഠരര് രാജീവര് പതിമൂന്നാം പ്രതിയാണ്. തന്ത്രി പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായി. കട്ടിള പാളിയിലെ സ്വർണം, പ്രഭാപാളി എന്നിവ കൊണ്ടുപോയിട്ടും തന്ത്രി ഇടപെടിട്ടില്ല, ആചാര ലംഘനത്തിന് കൂട്ടുനിന്നു. ഒന്നും ഒൻപതും പത്തും പ്രതികൾക്ക് ഒപ്പം ലാഭം ഉണ്ടാക്കാനും കൂട്ടുനിന്നു എന്നിങ്ങനെയാണ് തന്ത്രിക്കെതിരെ എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.

അതേസമയം, അറസ്റ്റിലായി 41–ാം ദിവസമാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇത്ര വേഗത്തില്‍ ജാമ്യം കിട്ടുന്ന ആദ്യ പ്രതിയാണ് തന്ത്രി കണ്ഠര് രാജീവര്‍. പത്തനംതിട്ടയിൽ പ്രവേശിക്കാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ രണ്ട് ദിവസം ഹാജരാകണം, കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സമയങ്ങളിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, എന്നീ ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്.

SCROLL FOR NEXT