KERALA

പോറ്റിയിൽ തുടങ്ങിയ സ്വർണക്കൊള്ള; തന്ത്രിയിൽ തീരുമോ?

ശബരിമല സ്വർണക്കൊള്ളയിൽ നിർണായകമായ അറസ്റ്റാണ് അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായകമായ അറസ്റ്റാണ് അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ആണ് തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത് കൊണ്ട് എസ്ഐടി അതിനിർണായക നീക്കം നടത്തിയത്. സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയതും സ്വർണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയ മഹസറിൽ ഒപ്പിട്ട്, കൊള്ളയ്ക്ക് കൂട്ടുനിന്നതും തന്ത്രിയാണെന്നാണ് എസ്ഐ‌ടിയുടെ കണ്ടെത്തൽ.

ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് രണ്ട് പതിറ്റാണ്ടിനടുത്ത് ബന്ധം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തന്ത്രിയാണ് ശബരിമലയിലേക്ക് പോറ്റിക്ക് വാതിൽ തുറന്ന് കൊടുത്തത്. സഹായി ആയാണ് പോറ്റി ആദ്യം എത്തിയത്. പിന്നീട് സ്പോൺസർ ആയി, പിന്നീട് വൻ കൊള്ളയായി മാറുകയായിരുന്നു.

പാളികളിൽ സ്വർണം പൂശാൻ ഉൾപ്പെടെ അനുമതി നൽകിയത് തന്ത്രിയാണ്. സ്വർണം പൊതിഞ്ഞ പാളി എന്ന് അറിയാമായിരുന്നിട്ടും ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയ മഹസറിൽ തന്ത്രി ഒപ്പിട്ടു. സ്വർണക്കൊള്ളക്ക് പോറ്റിക്ക് അവസരം ഉണ്ടാക്കി നൽകിയത് കണ്ഠരര് രാജീവരാണെന്നാണ് എസ്ഐടിക്ക് ലഭിച്ച വിവരം. എല്ലാം തന്ത്രിയുടെ അറിവോടെയായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് തുടങ്ങിയ വൻക്കൊള്ള ശബരിമലയിലെ ദൈവതുല്യനെന്ന് കരുതിയിരുന്ന തന്ത്രിയിൽ എത്തിനിൽക്കുന്നതിൻ്റെ ഞെട്ടലിലാണ് കേരളം . എ. പത്മകുമാർ പറഞ്ഞ ദൈവതുല്യൻ തന്ത്രി കണ്ഠരര് രാജീവര് ആയിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അങ്ങനെ തന്നെ ആണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ. പത്മകുമാർ, മുരാരി ബാബു അടക്കമുള്ളവരുടെ മൊഴികളും തന്ത്രിക്ക് എതിരായിരുന്നു. കൊള്ളയിൽ തന്ത്രിയുടെ പങ്ക് വ്യക്തമായതോടെ എസ്ഐടിയുടെ നീക്കങ്ങൾ തന്ത്രപരമായിരുന്നു.

മുൻകൂർ ജാമ്യത്തിനുള്ള നീക്കം തടയുന്നതിൻ്റെ ഭാഗമായി പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവെക്കാൻ എസ്ഐടി ശ്രമിച്ചു. ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം കൈപ്പറ്റുന്ന ആളായതിനാൽ അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടും. തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ അന്വേഷണം ശരിയായ ദിശയിലാണെന്ന് ദേവസ്വം മന്ത്രി വി. എൻ. വാസവൻ പ്രതികരിച്ചു . അന്വേഷണം ശരിയായ ദിശയിലെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ പ്രതികരിച്ചു .

SCROLL FOR NEXT