തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റും. രാവിലെ ജയിൽ ഡോക്ടർ എത്തി ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ. ആരോഗ്യനില മെച്ചമെന്ന് കണ്ടാൽ ജയിലിലേക്ക് തന്നെ മാറ്റാനും സാധ്യതയുണ്ട്. ശങ്കരദാസിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ സമർപ്പിക്കാനാണ് നീക്കം. മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൊല്ലം വിജിലൻസ് കോടതിയിൽ ആകും ജാമ്യാപേക്ഷ നൽകുക.
കഴിഞ്ഞ ദിവസമാണ് കെ.പി. ശങ്കരദാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി ശശിധരനും പ്രോസിക്യൂട്ടറും കൊല്ലം വിജിലൻസ് ജഡ്‌ജും ആശുപത്രിയിലെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് എസ്ഐടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ദേവസ്വം ബോർഡ് അംഗം ആശുപത്രിയിൽ പോയി കിടക്കുകയാണെന്നും പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നത് ഇങ്ങനെയാണോ എന്നുമായിരുന്നു ജഡ്ജി എ. ബദറുദ്ദീൻ്റെ വിമർശനം.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയും പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ നൽകും. അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.