തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ രണ്ടാം കേസിലും തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ അറസ്റ്റിൽ. ദ്വാരപാലക ശിൽപ്പപാളി കേസിൽ ജയിലിലെത്തിയാണ് അന്വേഷണസംഘം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളി കടത്തിയ കേസില്‍ രാജീവരെ പ്രതി ചേര്‍ക്കാന്‍ വിജിലന്‍സ് കോടതി എസ്‌ഐടിക്ക് അനുമതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണസംഘത്തിൻ്റെ നീക്കം.
കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് അന്വേഷണസംഘം ജയിലിലെത്തി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്വാരപാലക പാളി കേസിലും തന്ത്രിക്ക് പങ്കുണ്ടെന്ന് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടിയെടുത്തത്. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് എസ്ഐടി കോടതിയെ അറിയിച്ചു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ റിമാൻഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി ശശിധരനും പ്രോസിക്യൂട്ടറും കൊല്ലം വിജിലൻസ് ജഡ്‌ജും ആശുപത്രിയിലെത്തിയതിന് പിന്നാലെയാണ് ശങ്കരദാസിനെ റിമാൻഡ് ചെയ്തത്. ആരോഗ്യസ്ഥിതി മോശമായതിനാൽ ആശുപത്രിയിൽ തന്നെ റിമാൻഡിൽ തുടരാനാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെത്തിയ പ്രത്യേക അന്വേഷണസംഘം ശങ്കരദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.