തന്ത്രിക്ക് ആശ്വാസം, ജാമ്യത്തിൽ തുടരാമെന്ന് ഹൈക്കോടതി 
KERALA

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്ക് ആശ്വാസം, ജാമ്യത്തിൽ തുടരാമെന്ന് ഹൈക്കോടതി

എസ്ഐടി ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് തള്ളിയത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. എസ്ഐടി ഹർജി ഹൈക്കോടതി തള്ളി. തന്ത്രി കണ്ഠരര് രാജീവർക്ക് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തായിരുന്നു എസ്ഐടി ഹർജി.

അന്വേഷണത്തിനെതിരായ എല്ലാ പരാമർശവും ഹൈക്കോടതി നീക്കി. അതേസമയം ശബരിമലയിൽ കഴിഞ്ഞ പത്ത് വർഷത്തെ അഷ്ടാഭിഷേകം, മഹാനിവേദ്യം, ഗണപതി ഹോമം തുടങ്ങിയ വഴിപാടുകളുടെ മുഴുവൻ രേഖകളും പത്ത് ദിവസത്തിനകം കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ചിൻ്റേതാണ് ഉത്തരവ്. ഫണ്ട് ദുരുപയോഗം ചെയ്തതെന്ന ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ബില്ലോ വൗച്ചറോ കൂടാതെ നിത്യപൂജാ സാധനങ്ങൾ കൈപ്പറ്റുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളി.

ദേവസ്വം ബോർഡിൻ്റെ കണക്കുകൾ പരിശോധിച്ച ഓഡിറ്റർമാരുടെ വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടുകളും ഹാജരാക്കണം. പൂജ സാധനങ്ങൾ വാങ്ങാൻ കേരള ഫിനാൻഷ്യൽ കോഡോ പർച്ചേസ് മാനുവലോ പാലിക്കേണ്ടതില്ലെന്നായിരുന്നു ദേവസ്വം ബോർഡിൻ്റെ വാദം. എന്നാൽ ഈ നിലപാട് പൊതു സാമ്പത്തിക ഭരണത്തിൻ്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവും അഴിമതിക്ക് വഴി തുറക്കുന്നതുമാണെന്ന് കോടതി പറഞ്ഞു.

പൊതു പണം ചിലവഴിക്കുമ്പോൾ കൃത്യമായ രേഖകൾ വേണമെന്നും കോടതി പറഞ്ഞു. 1250 ക്ഷേത്രങ്ങളുള്ള ദേവസ്വം ബോർഡിന് സുതാര്യതയിൽ നിന്ന് ഒഴിഞ്ഞ് മാറാനാവില്ലെന്നും കോടതി വ്യക്തമാക്കി.

SCROLL FOR NEXT