Source: Sabha TV
KERALA

ശബരിമല സ്വർണപ്പാളി വിവാദം: രണ്ടാം ദിനവും പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി നിയമസഭ; നടപടികൾ വേഗത്തിലാക്കി സ്പീക്കർ

ദേവസം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻ്റും രാജിവയ്ക്കണം എന്നാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ആവശ്യം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിനവും നിയമസഭയിൽ ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ദേവസം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻ്റും രാജിവയ്ക്കണം എന്നാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ആവശ്യം.

ചോദ്യോത്തര വേളയിലും കടുത്ത പ്രതിഷേധം ഉയർത്തിയതോടെ 9.30 ഓടെ സഭ താൽക്കാലികമായി നിർത്തിവച്ചു. അൽപ്പസമയത്തിന് ശേഷം സഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ ബാനർ ഉയർത്തി പ്രതിഷേധം തുടർന്നു. ഇതോടെ സ്പീക്കർ സഭാ നടപടികൾ വേഗത്തിലാക്കി.

സ്വർണം കട്ടത് ദേവസ്വം ബോർഡിൻ്റെ അറിവോടെയാണെന്നും ഉണ്ണി കൃഷ്ണൻ പോറ്റി ആരുടെ ബിനാമിയാണെന്നും എഴുതിയ പ്ലക്കാർഡുകളുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങിയായിരുന്നു യുഡിഎഫ് എംഎൽഎമാരുടെ നേതൃത്വത്തിൽ സഭയിൽ പ്രതിഷേധം നടത്തിയത്.

ദ്വാരപാലക ശിൽപ്പം ഉയർന്ന നിരക്കിൽ വിൽപ്പന നടത്തിയെന്ന ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് വിശ്വാസികളെ ഈ സർക്കാർ വഞ്ചിച്ചിരിക്കുകയാണെന്നും കോടതി പറഞ്ഞു. തുടർന്നാണ് ഇന്നും പ്ലക്കാർഡുകൾ ഉയർത്തി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.

ഇടത് സർക്കാർ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും, ഹൈക്കോടതിയെ പോലും അംഗീകരിക്കാത്ത നാടകമാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി പി. രാജീവ് വിമർശിച്ചു. ഹൈക്കോടതിയെ പോലും അംഗീകരിക്കാൻ തയ്യാറല്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിൻ്റേതെന്നും അദ്ദേഹം വിമർശിച്ചു.

SCROLL FOR NEXT