തിരുവനന്തപുരം: ദ്വാരപാലക ശിൽപ്പം കൊണ്ടുപോകുന്നതും പുനഃസ്ഥാപിക്കുന്നതും തൻ്റെ കാലത്തല്ലെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ. വാസു. അന്നദാനത്തിൽ അടക്കം ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടിട്ടുണ്ട്. എന്നെ ഒരു കാര്യത്തിലും സമീപിച്ചിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിയും ആയി നേരിട്ട് ഒരു ബന്ധവുമില്ല. നേരിട്ട് സംസാരിച്ചിട്ടു പോലുമില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ സംബന്ധിച്ച് സംശയം ഉണ്ടാകുന്നത് ഇപ്പോഴാണെന്നും എൻ. വാസു പറഞ്ഞു.
"ഉപദേശം ആണ് തേടിയതെന്ന് എൻ വാസു പറഞ്ഞു. മെയിൽ എൻ്റെ ഓർമയിൽ ഉണ്ടായിരുന്നില്ല. അതിനാലാണ് ആദ്യം ഇക്കാര്യം പറയാത്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മെയിൽ കൈമാറിയത് സ്വഭാവിക നടപടിയാണ്. മെയിൽ വന്നാൽ അത് കീറിക്കളയാൻ അല്ല പഠിച്ചത്. എന്തിനാണ് അദേഹം മെയിൽ അയച്ചതെന്ന് അറിയില്ല. അത് അയാളോട് തന്നെ ചോദിക്കണം. കത്തനുസരിച്ച് സ്വർണം ദേവസ്വം ബോർഡിന്റേതല്ല. അത് ഉണ്ണികൃഷ്ണൻ പോറ്റിയുടേതാണ്. ഉണ്ണികൃഷ്ണൻ പോറ്റയുടെ പക്കൽ സ്വർണം ആണെന്ന നിലയിലാണ് വിലയിരുത്തിയത്", എൻ. വാസു.
ബാക്കി വന്ന സ്വർണം ഉപയോഗിക്കുന്നതിൽ തിരുവാഭരണ കമ്മീഷൻ അഭിപ്രായം തേടണം എന്ന് പറഞ്ഞാൽ എന്താണ് തെറ്റെന്നും എൻ. വാസു ചോദിച്ചു. മെയിലിന് നോട്ട് നൽകിയത് നടപടിക്രമങ്ങളാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഉദ്ദേശത്തെക്കുറിച്ച് പറയേണ്ട ഉദ്യോഗസ്ഥർക്കാണ് താൻ നോട്ട് എഴുതിയത്. ഒരു മാസം മുൻപ് വരെ അയാളെ ഒരു സംശയത്തിൻ്റെ സാഹചര്യം ഇല്ലായിരുന്നു. സ്വർണമായിരുന്നോ ചെമ്പായിരുന്നോ എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട് ഉണ്ട്. കാഴ്ചയിൽ ഉള്ള അറിവ് മാത്രമേ ഉള്ളൂവെന്നും എൻ. വാസു പറഞ്ഞു.
സ്പോൺസർ ആയതുകൊണ്ടാണ് ദ്വാരപാലക ശിൽപ്പം സ്വർണം പൂശാനായി കൊടുത്തത്. ചില ഉദ്യോഗസ്ഥർ തെറ്റിദ്ധരിക്കപ്പെട്ടിരിക്കാം. അന്വേഷണവും ആയി സഹകരിക്കും. ശബരിമലയിൽ നടന്നുകൂടാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നു. ഭക്തർ ഇടുന്ന കാണിക്ക ദുരുപയോഗപ്പെട്ടുപോയി എന്ന് തോന്നൽ വന്നിട്ടുണ്ട്. എന്റെ കാലയളവിൽ ഇങ്ങനെയുള്ള ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും എൻ. വാസു കൂട്ടിച്ചേർത്തു.