ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ദര്ശനത്തിനായി വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. മണ്ഡല മകരവിളക്ക് തീര്ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് പമ്പയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനും ദേവസ്വം മന്ത്രി കെ. മുരളീധരനും ദര്ശനത്തിനായി വൈകീട്ടോടെ സന്നിധാനത്തെത്തി. അഞ്ച് മണിയോടെ ഇരുവരും സന്നിധാനത്തെത്തി. ദർശനം നടത്തിയ ശേഷം മുഖ്യമന്ത്രി ഇന്ന് തന്നെ തിരികെ മടങ്ങുമെന്നാണ് റിപ്പോർട്ട്. ഇരുമുടിക്കെട്ടേന്തി അല്ല മുഖ്യമന്ത്രി ധർമശാസ്താവിൻ്റെ ദർശനപുണ്യം തേടിയെത്തിയത്. കാൽനടയായി മുഴുവൻ കാനനപാതയും നടന്നു കയറിയാണ് മുഖ്യമന്ത്രി സന്നിധാനത്തേക്ക് എത്തിയത്.
ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു. ഈ തീര്ഥാടന കാലയളവ് കഴിഞ്ഞാല് ശബരിമലയിൽ എത്തുന്ന ഭക്തര്ക്ക് തിരുപ്പതി മോഡലില് സൗകര്യങ്ങള് ഏര്പ്പെടുത്താനുള്ള നടപടികള് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീര്ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില് ചേര്ന്ന വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗ ശേഷം മാധ്യമ പ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വഴിപാട്, പ്രസാദം തുടങ്ങിയവ ദേവസ്വം ബോര്ഡിൻ്റെ നിയന്ത്രണത്തിലാണെന്നും അപ്പം, അരവണ തുടങ്ങിയവയ്ക്ക് ഇത്തവണ ക്ഷാമം ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്ഡ് പ്രസിഡൻ്റ് ഉറപ്പ് നല്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്തരുടെ സുഗമദര്ശനത്തിനും സുരക്ഷയ്ക്കും പൊലീസ് സേന, ഫയര് ഫോഴ്സ് സേന എന്നിവയെ സേനാ മേധാവിമാരുടെ നേതൃത്വത്തില് വിന്യസിക്കും.
പമ്പയില് വസ്ത്രം ഉപേക്ഷിക്കുന്നത് മാലിന്യ പ്രശ്നമാകാതിരിക്കാന് നിയന്ത്രണ സംവിധാനം ഉറപ്പാക്കും. ഇടത്താവളങ്ങളിലെ സൗകര്യങ്ങള് വര്ധിപ്പിക്കും. പമ്പയിലെ തിരക്ക് കുറയ്ക്കാന് നിലയ്ക്കലില് ഭക്തരെ സുഗമമായി നിയന്ത്രിക്കാനായി 6000 പേരെ ഉള്ക്കൊള്ളുന്ന ജർമന് മാതൃകയിലുള്ള ഷെഡ് നിര്മിക്കും. 22 മെഡിക്കല് എമര്ജന്സി യൂണിറ്റുകള് സജ്ജമാക്കും. മാലിന്യ നിര്മാര്ജനം സമയബന്ധിതമായി നടപ്പിലാക്കും. ശബരിമല തീര്ഥാടകര്ക്കായി 461 ബസുകളാണ് കെഎസ്ആര്ടിസി സജ്ജമാക്കുന്നത്.
വിവിധ ക്ഷേത്രങ്ങളെയും ശബരിമലയേയും ചേര്ത്ത് ടെമ്പിള് കണക്ടിവിറ്റി ഉറപ്പാക്കും. റോഡ് സുരക്ഷ കര്ശനമാക്കാന് മോട്ടോര് വാഹന വകുപ്പ് പരിശോധന നടത്തും. ചാലക്കയം റോഡ് പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തില് 15 കോടി രൂപ മുടക്കി നവീകരിക്കുകയാണ്. നിര്മാണം വേഗത്തില് പൂര്ത്തിയാക്കും. തീർഥാടകര്ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന് ആശുപതികളില് മികച്ച സൗകര്യങ്ങള് ഒരുക്കും. ഈ സീസണില് ഭക്തര്ക്ക് സുഗമ ദര്ശനത്തിന് എല്ലാ സൗകര്യങ്ങളും ഏര്പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.