ശബരിമല നട തുറക്കുന്നതിൻ്റെയും സ്വർണപ്പാളി സ്ഥാപിക്കുന്നതിൻ്റെയും ചിത്രങ്ങൾ Source: News Malayalam 24x7
KERALA

തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നു; ദ്വാരപാലക ശിൽപങ്ങളിൽ പുതിയ സ്വർണപ്പാളി സ്ഥാപിച്ചു

അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്വർണപ്പാളി ശിൽപിയുടെ മാർഗ നിർദേശത്തിലാണ് സ്ഥാപിച്ചത്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിൽ പുതിയ സ്വർണപ്പാളി ഘടിപ്പിച്ചു. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്വർണപ്പാളി ശിൽപിയുടെ മാർഗ നിർദേശത്തിലാണ് സ്ഥാപിച്ചത്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് അടക്കം പ്രമുഖർ ചടങ്ങിൽ സന്നിഹിതരായി. വിവാദങ്ങൾക്കിടെ വൈകിട്ട് നാല് മണിയോടെയാണ് തുലാമാസ പൂജകൾക്കായി നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാർ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിച്ചത്. മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നാളെ നടക്കും.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് എതിരായ നിർണായക കണ്ടെത്തലുകളാണ് റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. പോറ്റി കവർന്നത് രണ്ട് കിലോ സ്വർണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കട്ടെടുത്തതിന് പകരമായി സ്പോൺസർമാരിൽ നിന്നും സ്വർണം ശേഖരിച്ചു. അതിൽ നിന്നും സ്വർണം അപഹരിച്ചെന്നും എസ്ഐടി കണ്ടെത്തൽ. പോറ്റിയെ ഈ മാസം 30 വരെ റാന്നി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തതിൽ നിന്ന് വെളിവായത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സ്വർണക്കൊള്ളയ്ക്കുള്ള ഗൂഢാലോചനയിൽ ദേവസ്വം ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് പോറ്റി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തചി. കൊള്ളയടിച്ച സ്വർണം പങ്കിട്ടെടുത്തു. തന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരുമെന്നും പോറ്റി പറഞ്ഞു. കോടതിയിൽ നിന്ന് ഇറക്കുമ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ഷൂയേറ് ഉണ്ടായി.

SCROLL FOR NEXT