അഖില്‍ മാരാര്‍, സാബു എം. ജേക്കബ്  
KERALA

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം; സ്ഥാനാര്‍ഥി മാത്രം, പാര്‍ട്ടി ഭാരവാഹി അല്ലായിരുന്നെന്നും സാബു എം. ജേക്കബ്

ഒരു രൂപ പോലും സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികള്‍ മുടക്കേണ്ടി വന്നിട്ടില്ലെന്ന് സാബു എം. ജേക്കബ്

Author : ന്യൂസ് ഡെസ്ക്

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഖില്‍ മാരാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ട്വന്റി ട്വന്റി പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. അഖിലിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. 2015 മുതല്‍ പഞ്ചായത്ത്, നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും സമ്പൂര്‍ണ ചെലവുകള്‍ വഹിച്ചത് പാര്‍ട്ടിയാണ്. ഇത്തവണയും നിയമസഭയിലേയ്ക്ക് മത്സരിച്ച 19 സ്ഥാനാര്‍ഥികളുടെയും മുഴുവന്‍ ചെലവുകളും പാർട്ടി വഹിച്ചു. ഒരു രൂപ പോലും സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികള്‍ മുടക്കേണ്ടി വന്നിട്ടില്ല. തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയായിരുന്നു എന്നതിനപ്പുറം അഖില്‍ പാര്‍ട്ടിയുടെ ബൂത്ത് മുതല്‍ സംസ്ഥാനം വരെയുള്ള ഒരുഘടകത്തിന്റെയും ഭാരവാഹിയല്ലായിരുന്നെന്നും സാബു ജേക്കബ് പ്രസ്താവനയില്‍ അറിയിച്ചു.

കൊട്ടാരക്കര സീറ്റിൽ മത്സരിക്കാൻ താല്‍പ്പര്യം പ്രകടിപ്പിച്ചാണ് അഖിൽ മാരാർ പാർട്ടിയിലേക്ക് വന്നത്. എന്നാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ചില പ്രത്യേക സാഹചര്യത്തില്‍ സീറ്റ് ലഭിക്കാതെ പോയി. അതിന് പകരമായാണ് അഖിലിന് തൃക്കാക്കര സീറ്റ് പാര്‍ട്ടി നല്‍കിയത്. തൃക്കാക്കര മണ്ഡലത്തില്‍ മത്സരിക്കാന്‍ അഖിലിന് താല്‍പ്പര്യമില്ലായിരുന്നുവെങ്കില്‍ മത്സരിക്കേണ്ടിയിരുന്നില്ല. പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ട് വരുന്നവര്‍ക്ക് പറ്റിയ ഒരു പ്രസ്ഥാനമല്ല ട്വന്റി ട്വന്റിയെന്നും സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.

സംഘടനാ സ്വാതന്ത്ര്യം ഇല്ലെന്നാരോപിച്ചായിരുന്നു ട്വന്റി ട്വന്റി പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അഖിൽ മാരാർ അറിയിച്ചത്. ട്വന്റി ട്വന്റിക്കും അധ്യക്ഷന്‍ സാബു എം. ജേക്കബിനുമെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ബിജെപി നൽകിയ പണം സാബു ജേക്കബ് സ്ഥാനാർഥികൾക്ക് നൽകിയില്ല. തെരഞ്ഞെടുപ്പ് പ്രവർത്തനങൾക്കായി ബിജെപി നേതൃത്വം നൽകിയ 40 കോടിയോളം രൂപ സാബു ജേക്കബ് ഒറ്റയ്ക്കെടുത്തു. സീറ്റ് വാഗ്‌ദാനം മുതൽ തന്നോട് അതീതി കാട്ടുകയായിരുന്നു. സ്വതന്ത്രനായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നുമായിരുന്നു അഖിൽ മാരാർ പറഞ്ഞത്.

SCROLL FOR NEXT