പാണക്കാട് സാദിഖലി തങ്ങൾ, പ്രതി മുഹമ്മദ് റോഷൻ 
KERALA

ഫേസ്ബുക്കിൽ പ്രചരിപ്പിച്ച സാദിഖലി തങ്ങളുടെ ഫോട്ടോ വ്യാജം; പ്രചരണത്തിന് പിന്നിൽ പണം തട്ടാനുള്ള ശ്രമമെന്ന് പൊലീസ്

പ്രതി മുഹമ്മദ് റോഷൻ്റെ വാദം അടിസ്ഥാന രഹിതമാണെന്ന് പൊലീസ്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ടത് പണംതട്ടാൻ വേണ്ടിയെന്ന് പൊലീസ് കണ്ടെത്തി. ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട പ്രതി മുഹമ്മദ് റോഷൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാളെ ഇപ്പോൾ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചിരിക്കുകയാണ്.

പണം തട്ടാൻ വേണ്ടി മുഹമ്മദ് റോഷൻ, സാദിഖലി തങ്ങളുടെ വ്യാജ ഫോട്ടോ ഫേസ്ബുക്ക് വഴി പ്രചരിപ്പിരുന്നു. ഇത് വൻ വിവാദമാവുകയും ചെയ്തിരുന്നു. സാദഖലിക്കെതിരെ 17 കാരിയുടെ പരാതിയുണ്ടെന്ന മുഹമ്മദ് റോഷൻ്റെ വാദം തെറ്റാണെന്നും തെളിഞ്ഞു.

ഇങ്ങനെയൊരു 17കാരിയോ, പരാതിക്കാരിയോ ഇല്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. പരാതിക്കാരിയുണ്ടെന്നത് പ്രതിയുടെ തിരക്കഥയാണെന്നും, വിപുലമായ അന്വേഷണം നടത്തിയിട്ടും പരാതിക്കാരിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

സാദിഖലി തങ്ങളുടെ ബന്ധുവിനെ ജനുവരി മാസത്തിൽ പെരിന്തൽമണ്ണയിലെ മാളിൽ വിളിച്ചുവരുത്തി ചിത്രങ്ങളും സന്ദേശങ്ങളും കാട്ടി വിലപേശുകയായിരുന്നു. സാദിഖലി തങ്ങളുടെ ചിത്രം ഫേസ്ബുക്കിൽ പ്രചരിപ്പിക്കും അല്ലെങ്കിൽ 15 കോടി രൂപ വേണമെന്നായിരുന്നു ആവശ്യം.

മുഹമ്മദ് റോഷൻ്റെ ഭീഷണിയെ തുടർന്ന് സാദിഖലി തങ്ങൾ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയത്. കേസിൽ കൂടുതൽ പേരുണ്ടെന്നാണ് വിവരം. ഇവരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പൊലീസ്.

SCROLL FOR NEXT