ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. സിനിമയിൽ അഭിനയിച്ച ബിജെപി മന്ത്രിയുടെ നില ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നാണ് മന്ത്രി ചോദിച്ചത്. കേന്ദ്രമന്ത്രി ഉൾപ്പെടെ ഭയപ്പെട്ടിരിക്കുകായണ്. എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്ന ബിജെപി നേതാക്കൾ ജാനകി സിനിമയെക്കുറിച്ച് മിണ്ടുന്നില്ലെന്നും, ഈ കാര്യത്തിൽ ബിജെപി നിലപാട് വ്യക്തമാക്കണമെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു.
സെൻസർ ബോർഡ് തീരുമാനത്തിൽ നിന്ന് പിന്മാറണം, സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകണമെന്നും മന്ത്രി പറഞ്ഞു. സിനിമാ സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിന് എല്ലാ പിന്തുണയും സർക്കാരിൻ്റെ ഭാഗത്തുനിന്നു ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സെൻസർ ബോർഡ് നിലപാട് മാറ്റേണ്ടതാണെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയതാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ രാഷ്ട്രീയ നിലപാടാണ് സെൻസർ ബോർഡിൻ്റേത്. രാജ്യത്ത് ആര് എന്ത് സംസാരിക്കണം, എങ്ങനെ പേരിടണം, എന്ത് ഭക്ഷണം കഴിക്കണം എന്ന് അവർ തീരുമാനിക്കുന്ന സ്ഥിതിയാണ് ഉള്ളത്.
പൃഥ്വിരാജിൻ്റെ സിനിമയ്‌ക്കെതിരെയും അവർ ഇതേ നിലപാടാണ് സ്വീകരിച്ചത്. ആ സിനിമയെ ഏതെല്ലാം വിധത്തിൽ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട് അത് ഇപ്പോഴും തുടരുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു. തങ്ങളുടെ ആശയത്തിനെതിരെ ആരെല്ലാം പറയുന്നു അവരെയെല്ലാം നിശബ്ദരാക്കുന്ന നിലപാടാണ് ഉള്ളത്. അതിൻ്റെ ഭാഗമാണ് ജാനകി സിനിമയുമായി ബന്ധപ്പെട്ട വിവാദവും ഉടലെടുത്തിരിക്കുന്നത്
ഡിജിപിയുടെ നിയമനവുമായി ബന്ധപ്പെട്ട പാർട്ടിക്കുള്ളിൽ അതിർത്തി എന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഡിജിപി നിയമനത്തിൽ പാർട്ടിക്കുള്ളിൽ അതൃപ്തിയില്ലെന്നും മന്ത്രി അറിയിച്ചു. "ഒരാളുടെ നിയമനത്തിൽ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും ഡിജിപിയുടെ നിയമനത്തിൽ പാലിച്ചിട്ടുണ്ട്. അക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ യാതൊരു ആശയക്കുഴപ്പവുമില്ല. ഗവൺമെൻ്റ് ഗവൺമെൻ്റിൻ്റെ നിലപാടും പാർട്ടി പാർട്ടിയുടെ നിലപാടും സ്വീകരിക്കും", സജി ചെറിയാൻ പറഞ്ഞു.
കൂത്തുപറമ്പ് സംഭവത്തിൽ റവാഡക്ക് പങ്കില്ലെന്ന് പിന്നീട് തെളിഞ്ഞ കാര്യമാണ്. അതിൽ അദ്ദേഹം ഉൾപ്പെട്ടിട്ടുണ്ട് എന്നത് സത്യമാണ് പക്ഷേ , അയാൾ അല്ല പ്രശ്നം ഉണ്ടാക്കിയത്. അതിൻ്റെ പേരിൽ കുറ്റക്കാരൻ അല്ലാത്ത ഒരാളെ മാറ്റിനിർത്തേണ്ട ആവശ്യമില്ല. അദ്ദേഹത്തിൻ്റെ കാര്യങ്ങൾ പരിശോധിച്ചപ്പോൾ ഈ സ്ഥാനം കൊടുക്കാൻ യോഗ്യനാണെന്ന് കണ്ടെത്തി, അതുകൊണ്ടാണ് ഗവൺമെൻ്റ് തീരുമാനമെടുത്തതെന്നും മന്ത്രി അറിയിച്ചു.
ചെല്ലാനത്തെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിലും മന്ത്രി പ്രതികരിച്ചു. മത്സ്യത്തൊഴിലാളികളെ താൻ ഗുണ്ടകൾ എന്ന് വിളിച്ചിട്ടില്ല. തൻ്റെയടുത്ത് പ്രതിഷേധവുമായി എത്തിയവർക്ക് ബോധമില്ലായിരുന്നു , അക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വാശി പിടിക്കാതെ കാര്യങ്ങൾ അന്വേഷിക്കണം. രാവിലെ തന്നെ ജവാൻ അടിച്ചാണ് അവർ എത്തിയത്. മോശമായി സംസാരിച്ചുകൊണ്ട് തന്നെ ആക്രമിക്കാൻ ആണ് അവർ എത്തിയത്.
ന്യായമായി ഒരാവശ്യം പറഞ്ഞ് ഏതൊരാളും എത്തിയാലും താൻ കേൾക്കും. തൻ്റെടുത്ത് മാന്യമായി സംസാരിച്ചു തുടങ്ങിയവരുടെ സ്വഭാവം പിന്നീട് മാറി. ആളുകൾ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ തന്നെ അവർ ഉപദ്രവിക്കുമായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ ഗുണ്ടായിസം കാട്ടിയവരെ കുറിച്ചാണ് താൻ പറഞ്ഞത്, അവർ മത്സ്യത്തൊഴിലാളികൾ അല്ല. അവർ കുറ്റകൃത്യങ്ങളിൽ പങ്കാളികളായവരാണ് എന്നുള്ളതാണ് തനിക്ക് കിട്ടിയ വിവരം. പ്രതിപക്ഷ പ്രതി നേതാവിൻ്റെ പാർട്ടിയിൽ ഇത്തരക്കാരുണ്ടെങ്കിൽ നടപടി സ്വീകരിക്കണം അതാണ് അദ്ദേഹം ചെയ്യേണ്ടതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.