കോഴിക്കോട്: സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രസിഡൻ്റ് ജിഫ്രി തങ്ങൾ നടത്തുന്ന കേരള യാത്രയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ഡിസംബർ 18ന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന യാത്രക്ക് സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ ജിഫ്രി തങ്ങൾക്ക് പതാക കൈമാറും.
നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ മുന്നോടിയായാണ് സമസ്ത ശതാബ്ദി സന്ദേശയാത്ര തീരുമാനിച്ചത്. ഡിസംബര്‍ 19ന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന യാത്രക്ക് കേരളത്തിലെ 13 ജില്ലകളിൽ സ്വീകരണമുണ്ട്. പത്ത് ദിവസത്തിന് ശേഷം യാത്ര മംഗലാപുരത്ത് അവസാനിക്കും. ഓരോ ജില്ലകളിലെയും പ്രമുഖ വ്യക്തികളെ ജിഫ്രി തങ്ങൾ നേരിട്ട് കാണും. സമസ്തയുടെ പ്രസിഡണ്ട് ആദ്യമായി നടത്തുന്ന കേരള യാത്രയാണെന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്.
കന്യാകുമാരിയിൽനിന്ന് ആരംഭിച്ച് മംഗലാപുരത്ത് സമാപിക്കുന്ന യാത്രയെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കൾ അനുഗമിക്കും. യാത്രയുമായി ബന്ധപ്പെട്ട് ജില്ലാ തലങ്ങളിൽ സ്വാഗത സംഘം രൂപീകരിച്ചുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പ്രവര്‍ത്തകരും യാത്രയിൽ പങ്കാളികളാവും. കേരളത്തിന് പുറത്ത് ഡിസംബർ 25 ന് ഗൂഢല്ലൂരിലും യാത്രക്ക് സ്വീകരണമുണ്ട്. 2026 ഫെബ്രുവരി നാല് മുതൽ എട്ട് വരെയാണ് കാസർകോട് കുണിയയിൽ വച്ചാണ് നൂറാം വാർഷിക സമ്മേളനം നടക്കുന്നത്.