കെ.എം. ഷാജി, ഹമീദ് ഫൈസി അമ്പലക്കടവ് Source: Facebook
KERALA

"സമസ്തയെ ദുർബലപ്പെടുത്താൻ സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്ന രീതി ആർക്കും ഗുണം ചെയ്യില്ല"; കെ.എം. ഷാജിക്കെതിരെ സമസ്ത

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹമീദ് ഫൈസി അമ്പലക്കടവ് പ്രതിഷേധം രേഖപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ വിവാദ പ്രസ്താവനക്കെതിരെ സമസ്ത. വിശുദ്ധാത്മാക്കളുടെ കബറിടത്തിൽ അവരെ ആദരിച്ചുകൊണ്ട് വസ്ത്രം വിരിക്കുന്നത് തെറ്റാണെന്ന നിലയിലായിരുന്നു കെ.എം. ഷാജിയുടെ പ്രസ്താവന. ഇത് സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നുണ്ടെന്നും, പ്രതിഷേധാർഹമാണെന്നും സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. സമസ്തയെ ദുർബലപ്പെടുത്താൻ പാർട്ടി സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്ന രീതി ആർക്കും ഗുണം ചെയ്യില്ലെന്നും കെ.എം. ഷാജിക്ക് ഹമീദ് ഫൈസി മുന്നറിയിപ്പ് നൽകി.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹമീദ് ഫൈസി അമ്പലക്കടവ് പ്രതിഷേധം രേഖപ്പെടുത്തിയത്. സുന്നികൾക്ക് എതിരെ കെഎം ഷാജി നടത്തുന്ന ആദ്യത്തെ പ്രതികരണമല്ലിതെന്ന് സമസ്ത നേതാവ് പറയുന്നു. മാതാ അമൃതാനന്ദമയിയെയും വിശുദ്ധ ആത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചുകടത്താനാണ് ഷാജി ശ്രമിക്കുന്നത്. മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കും മതവിശ്വാസവും കർമാനുഷ്ഠാനങ്ങളും എത്രവരെയാകാമെന്ന് ഷാജി വ്യക്തമാക്കണം. പാണക്കാട് തങ്ങൾമാരുടെ മഖാമുകളിൽ വസ്ത്രം വിരിച്ചതിനെ കുറിച്ച് എന്താണ് ഷാജിക്ക് പറയാനുള്ളത് എന്നും ഹമീദ് ഫൈസി ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം

വിശുദ്ധാത്മാക്കളുടെ കബറിടത്തിൽ അവരെ ആദരിച്ചുകൊണ്ട് വസ്ത്രം വിരിക്കുന്നത് തെറ്റാണെന്ന നിലയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി നടത്തിയ പ്രസ്താവന മതവിശ്വാസികളെ, പ്രത്യേകിച്ച് സുന്നി വിഭാഗത്തെ ഏറെ വേദനിപ്പിക്കുന്നതും തീർത്തും പ്രതിഷേധാർഹവുമാണ്.

സുന്നികൾക്ക് എതിരെ അദ്ദേഹം നടത്തുന്ന ആദ്യത്തെ പ്രതികരണമല്ലിത്.സുന്നികൾക്കെതിരെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷനെതിരെയും സുന്നി സംഘടനകൾക്കെതിരെയും കഴിഞ്ഞ കുറച്ച് കാലമായി ചിലർ പ്രതികരിച്ചു കൊണ്ടിരിക്കുന്നു. സമസ്തയെ ദുർബലപ്പെടുത്താൻ പാർട്ടി സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്ന രീതി ആർക്കും ഗുണം ചെയ്യില്ല. മുജാഹിദ് വിഭാഗങ്ങൾക്ക് മുസ്ലിം ലീഗിൽ എത്ര ഉയർന്ന സ്ഥാനവും അലങ്കരിക്കാം. സുന്നികൾ അതുൾക്കൊള്ളും. പക്ഷേ, ആ സ്ഥാനത്തിരുന്ന് കൊണ്ട് മുസ്ലീങ്ങളുടെ മഹാഭൂരിപക്ഷം വരുന്ന സുന്നികളെയും അവർ ഏറെ ആദരിക്കുന്ന മഹാത്മാക്കളെയും ഇകഴ്ത്തി കാണിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല.

ഈ പ്രസ്താവനയിലൂടെ മാതാ അമൃതാനന്ദമയി ദേവിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ഷാജി ശ്രമിക്കുന്നത്. മന്ത്രിമാക്കും പാർട്ടി നേതാക്കൾക്കും മതവിശ്വാസവും മതാനുഷ്ഠാന കർമ്മങ്ങളും എത്ര വരെ നിർവഹിക്കാം എന്ന് ഷാജി വ്യക്തമാക്കേണ്ടിയിരിക്കുന്നു.

മുസ്ലിം ലീഗിൽ ഏറ്റവും ആദരണീയരായ നേതാക്കളായി കരുതപ്പെടുന്ന പാണക്കാട് സാദാത്തുക്കളുടെ മഖാമുകളിൽ വസ്ത്രം വിരിച്ചതിനെ കുറിച്ചും മുസ്ലിം ലീഗ് നേതാക്കന്മാർ മഹാന്മാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യുന്നതും അവിടെ വസ്ത്രം വിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് എന്താണ് ഷാജിക്ക് പറയാനുള്ളത്.?

SCROLL FOR NEXT