അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി Source: Facebook
KERALA

"അൽപ്പവസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണത്രേ"; സ്കൂളുകളിലെ സൂംബാ ഡാന്‍സിനെതിരെ സമസ്ത

സർക്കാർ ജെൻട്രൽ ന്യൂട്രാലിറ്റി ഒളിച്ചു കടത്തുന്നതായി സംശയമുണ്ടെന്നും സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ സ്കൂളുകളിൽ സൂംബാ ഡാൻസ് നടപ്പിലാക്കിയതിന് എതിരെ സമസ്ത. അൽപ്പ വസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബാ ഡാൻസ് എന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മേനിയഴക് പ്രകടിപ്പിക്കാനും ഇടകലർന്ന് ആടിപ്പാടാനുമാണ് ഇതെന്നും നാസർ ഫൈസി ആരോപിച്ചു.

സർക്കാർ ജെൻട്രൽ ന്യൂട്രാലിറ്റി ഒളിച്ചു കടത്തുന്നതായി സംശയമുണ്ടെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു. സൂംബാ ഡാൻസ് പരിശീലനം അതിന് ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ഇടകലർന്നുള്ള ഈ പരിശീലന രീതിക്ക് തങ്ങളെതിരാണെന്നും സമസ്ത നേതാവ് കൂട്ടിച്ചേർത്തു.

"സ്കൂളുകളിൽ കേരള സർക്കാർ സൂംബാ ഡാൻസ് നടപ്പിലാക്കിയിരിക്കുന്നു. അല്പവസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണത്രേ സൂംബാ. വലിയ കുട്ടികൾ പോലും ഇങ്ങനെ ചെയ്യണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിൽ അത് പ്രതിഷേധാർഹമാണ്. നിലവിലുള്ള കായികപരിശീലനം മെച്ചപ്പെടുത്തുന്നതിനുപകരം ആഭാസങ്ങളെ നിർബന്ധിക്കരുത്. മേനിയഴക് പ്രകടിപ്പിക്കാനും ഇടകലർന്ന് ആടിപ്പാടാനും ധാർമികബോധം അനുവദിക്കാത്ത വിദ്യാർഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരെയുള്ള ലംഘനമാവും ഇത്" - നാസർ ഫൈസി കൂടത്തായി ഫേസ്ബുക്കില്‍ കുറിച്ചു.

സൂംബാ ഡാന്‍സ് ധാർമികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നുവെന്നായിരുന്നു എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരിന്റെ വിമർശനം. സ്‌കൂളുകളിൽ ഒട്ടേറെ കായികാധ്യാപിക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായും എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി വിമർശിച്ചു. രക്ഷിതാക്കൾ ഉണർന്ന് പ്രവർത്തിക്കണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു.

സൂംബാ ഡാന്‍സില്‍ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനും കടുത്ത വിമർശനം ഉന്നയിച്ചു. നേരത്തെ, സൂംബാ നൃത്തം പരിശീലിപ്പിക്കാനുള്ള നിർദേശം അപക്വമാണെന്ന് ഐഎസ്എമ്മും വിമർശിച്ചിരുന്നു. മാനസിക, കായിക ക്ഷമതകൾ വർധിപ്പിക്കാൻ കൂടുതൽ കാര്യക്ഷമമായ വ്യത്യസ്ത മാർഗങ്ങൾ ഉണ്ടായിരിക്കേ ഒരു നൃത്തം തിരഞ്ഞെടുത്തതിൽ ജെൻഡർ പൊളിറ്റിക്സിൻ്റെ രഹസ്യ അജണ്ടകൾ ഉണ്ടോയെന്ന് സംശയിക്കണമെന്നായിരുന്നു ഐഎസ്എമ്മിന്റെ ആരോപണം.

അതേസമയം, സൂംബയിൽ എന്താണ് തെറ്റെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ചോദിച്ചു. ആരോഗ്യത്തിന് നല്ലത്താണ് സൂംബ. ഇത് നടപ്പാക്കാൻ ആരോടാണ് ആലോചിക്കേണ്ടതെന്നും ഇതിൽ എന്താണ് കൂടി ആലോചനയുടെ ആവശ്യമെന്നും മന്ത്രി ചോദിച്ചു.

വിദ്യാര്‍ഥികളില്‍ പഠനഭാരം കാരണമുണ്ടാകുന്ന മാനസികസമ്മര്‍ദം കുറയ്ക്കാന്‍ പൊതുവിദ്യാലയങ്ങളില്‍ സൂംബാ ഡാന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം അറിയിച്ചത്. ലഹരിക്കെതിരേയുള്ള കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ 'ബാല്യത്തിനും യുവത്വത്തിനും ഒപ്പം സര്‍ക്കാര്‍' എന്നപേരില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വിദഗ്ധരുടെ യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയോട് ഇക്കാര്യം അടുത്ത അധ്യയനവര്‍ഷത്തില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അപ്പോള്‍ മുതല്‍ ഈ തീരുമാനത്തിന് എതിരെ കടുത്ത വിമർശനങ്ങളാണ് പല കോണുകളില്‍ നിന്ന് ഉയരുന്നത്. ജൂണ്‍ 26, ലോക ലഹരി വിരുദ്ധ ദിനത്തില്‍ സംസ്ഥാനതലത്തിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സൂംബ, ലഘു വ്യായാമങ്ങൾ ഉൾപ്പെടുന്ന കായിക പരിശീലന പ്രവർത്തനങ്ങൾ നടത്തുവാൻ സർക്കാർ സർക്കുലർ പുറത്തിറക്കിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്.

SCROLL FOR NEXT