EXCLUSIVE | എറണാകുളം - അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം: പുതിയ സര്‍ക്കുലര്‍ നിലനില്‍ക്കില്ലെന്ന് സൂചന

വൈദികർക്കെതിരായ നടപടിയുമായി മുന്നോട്ട് പോകാൻ സ്പെഷൽ ട്രൈബ്യൂണൽ തീരുമാനിച്ചു
എറണാകുളം അങ്കമാലി അതിരൂപത കുർബാന തർക്ക പരിഹാര സർക്കുലർ
എറണാകുളം അങ്കമാലി അതിരൂപത കുർബാന തർക്ക പരിഹാര സർക്കുലർSource: News Malayalam 24x7
Published on

സീറോ - മലബാർ സഭയിൽ അസാധാരണ സംഭവ വികാസങ്ങൾ. മാർപാപ്പയുടെ തീരുമാനം തിരുത്തിയ മേജർ ആർച്ച് ബിഷപ്പിനെയും, വികാരി ജനറലിനെയും വിളിച്ചു വരുത്തി വിശദീകരണം തേടി സഭാ ട്രൈബ്യൂണൽ. ഇതോടെ കുർബാന തർക്കം പുതിയ വഴിത്തിരിവിലേക്ക്. കുർബാന തർക്കപരിഹാര സർക്കുലറിന് നിലനിൽപ്പുണ്ടാകില്ലന്നാണ് സൂചന. വൈദികർക്കെതിരായ നടപടിയുമായി മുന്നോട്ട് പോകാൻ സ്പെഷൽ ട്രൈബ്യൂണൽ തീരുമാനിച്ചതോടെ സമവായം പാളുമെന്ന് ഉറപ്പായി.

കുർബാന തർക്ക പരിഹാര സർക്കുലർ ഇറങ്ങിയതിന് തൊട്ടുപിന്നാലെ ഇതിനെതിരെ നടപടിയുമായി സീറോ - മലബാർ സഭാ സ്പെഷ്യൽ ട്രൈബ്യൂണൽ രംഗത്തെത്തി. വൈദികർക്ക് എതിരെ നടപടി ഉണ്ടാകില്ലെന്ന സർക്കുലറിൽ ഒപ്പിട്ട് മഷിയുണങ്ങും മുൻപ് ഇതേ വിഷയത്തിൽ ട്രൈബ്യൂണലിൽ നിന്ന് നിയമ നടപടി നേരിട്ട കത്തീഡ്രൽ ബസലിക്ക വികാരി ഫാ. വർഗീസ് മണവാളനെ സംരക്ഷിച്ചതിന് മാർ പാംപ്ലാനിക്കും, മേജർ ആർച്ച്ബിഷപ്പിനും ട്രൈബ്യൂണൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഫാ. വർഗീസ് മണവാളൻ നടത്തിയ വിവാഹമടക്കമുള്ള കൂദാശകൾക്ക് അംഗീകാരമില്ലെന്ന് ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു. ഇവ അസാധു ആക്കാൻ നടപടി സ്വീകരിക്കണമെന്നും ട്രൈബ്യൂണൽ ആവശ്യപ്പട്ടു.

മാർ പാംപ്ലാനിയേയും, മാർ തട്ടിലിനേയും വിളിച്ചു വരുത്താനാണ് ട്രൈബ്യൂണലിൻ്റെ നീക്കം. ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമർശനമാണ് സ്പെഷ്യൽ ട്രൈബ്യൂണൽ ഉയർത്തുന്നത്. നിലവിലെ കേസ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ പ്രതിയായ വർഗീസ് മണവാളനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതും ധാരണയുണ്ടാക്കിയതും ഗുരുതരമായ വീഴ്ചയാണെന്നാണ് ട്രൈബ്യൂണൽ പറയുന്നത്.

എറണാകുളം അങ്കമാലി അതിരൂപത കുർബാന തർക്ക പരിഹാര സർക്കുലർ
EXCLUSIVE | എറണാകുളം അങ്കമാലി അതിരൂപത കുർബാന തർക്ക പരിഹാര സർക്കുലർ പുറത്ത്; നിലവിലെ കൂരിയ ജൂലൈ മൂന്നിന് മാറും

ശിക്ഷാനടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഫാ. വർഗീസ് മണവാളനെ പള്ളിമേടയിൽ തുടരാൻ അനുവദിച്ചതിനും പ്രസ്ബിറ്ററൽ കൗൺസിലിലേയ്ക്ക് നോമിനേറ്റ് ചെയ്തതിനും കാരണം കാണിക്കണമെന്നും ട്രൈബ്യൂണൽ മാർ പാംപ്ലാനിയോട് ആവശ്യപ്പെട്ടു. പള്ളിയുടെ സ്വത്ത് വകകൾ മണവാളൻ ദുരുപയോഗം ചെയ്യുന്നത് തടഞ്ഞില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകി.

ജൂലൈ 16ന് മുമ്പായി ഇത് സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കണമെന്നും നേരിട്ട് കോടതിയിലെത്തി വിശദീകരണം ബോധ്യപ്പെടുത്തണമെന്നും ട്രൈബ്യൂണൽ മാർ പാംപ്ലാനിക്ക് നിർദേശം നൽകി. മണവാളൻ അസാധുവായി പരികർമം ചെയ്ത കുമ്പസാരങ്ങളും, വിവാഹം, മാമ്മോദീസ അടക്കമുള്ള മറ്റു കൂദാശകളും സംബന്ധിച്ച വിവരങ്ങൾ സഭയുടെ ഉന്നതാധികാര സമിതിയായ DDF (Dicastery for the doctrine of faith)ന് അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. വൈദിക യോഗം നടത്താൻ മാർ പാംപ്ലാനി പൊലീസിന്റെ സഹായം ആവശ്യപ്പെട്ട മൂന്ന് സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് സമാനമായ രീതിയിൽ മണവാളനെ പുറത്താക്കാത്തത് എന്താണ് എന്നും ട്രൈബ്യൂണൽ ചോദിക്കുന്നു. മെത്രാപ്പോലീത്തൻ വികാരിക്ക് നിയമം നടപ്പാക്കാൻ കഴിയില്ലെങ്കിൽ ആ ഉത്തരവാദിത്വം മേജർ ആർച്ച് ബിഷപ്പ് ഏറ്റെടുക്കണമെന്നും സ്പെഷ്യൽ ട്രൈബ്യൂണൽ ഉത്തരവിലുണ്ട്. ഇതോടെ പരിഹാരമായെന്ന് കരുതിയ കുർബാന തർക്കം കീറാമുട്ടിയായി തുടരുമെന്ന് ഉറപ്പായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com