കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിക്ക് എതിരെ മുന്നറിയിപ്പുമായി ഉമര്‍ ഫൈസിമുക്കം. സമസ്തയില്‍ നുഴഞ്ഞ് കയറുന്നത് തടയണമെന്നും സംഘടനയില്‍ കയറിയാല്‍ സമസ്തയെ ചിതല്‍ പോലെ തകര്‍ക്കുമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.
'നാല്‍പ്പതുകളില്‍ ജമാഅത്തെ ഇസ്ലാമി വന്നു. അതിന് രാഷ്ട്രീയ ചിന്താഗതിയുമുണ്ട്. ഹുകുമത്തെ ഇലാഹി. അതിനൊക്കെ മാറ്റം വന്നുവെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും ഇന്നും അങ്ങനെ തന്നെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് അവര്‍ രാഷ്ട്രീയ പാര്‍ട്ടിയുമായി വന്നിരിക്കുകയാണ്. അതിനെന്താണ് കാരണമെന്ന് അറിയാമോ? മറ്റു നിലയ്ക്കുള്ള സാഹിത്യങ്ങള്‍ ഒക്കെ പറഞ്ഞു നോക്കിയിട്ടും ആളെ കിട്ടാതെ വന്നപ്പോള്‍ അതിനെ ഭൂമിയില്‍ തൊടാതെ നിലനിര്‍ത്തിയത് സമസ്തയാണ്. അവര്‍ എവിടെയുമില്ല. പിന്നെ അവരെ തിരഞ്ഞ് പോകേണ്ട ആവശ്യമുണ്ടോ? ഇല്ലാത്ത പാര്‍ട്ടിയെ കൂട്ടുപിടിക്കേണ്ട ആവശ്യമില്ല,' ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
അവര്‍ രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് അവര്‍ നുഴഞ്ഞ് കയറും. നുഴഞ്ഞു കയറിയാല്‍ സമസ്ത തടുത്തു നിര്‍ത്തിയതിനെ ഇല്ലാതാക്കും. അവര്‍ വന്‍ ചിതല്‍ പോലെ അകത്ത് വന്ന് നമ്മളെ ഒക്കെ ഭക്ഷിച്ചതിന് ശേഷം സമസ്തയെയും സുന്നത്ത് ജമാഅത്തിനെയും ഇസ്ലാമിനെയും ആകെ തകര്‍ക്കുമെന്ന കാര്യം മനസിലാക്കണം. അതുകൊണ്ട് തന്നെ അവരോട് അകലം പാലിക്കണം. സമസ്ത നിര്‍ത്തിയിടത്ത് തന്നെ നിര്‍ത്താന്‍ നമ്മള്‍ പഠിക്കണമെന്നും ഉമര്‍ ഫൈസി മുക്കം കൂട്ടിച്ചേര്‍ത്തു.
രാമനാട്ടുകരയില്‍ വച്ച് നടന്ന പരിപാടിയിലായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മില്‍ പലയിടങ്ങളിലും ധാരണ നിലനില്‍ക്കുന്നുണ്ട്. നേരത്തെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമോ എന്ന ചോദ്യത്തിന് ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് യുഡിഎഫ് നേതാക്കള്‍ അടക്കം നേരത്തെ പറഞ്ഞിരുന്നു.