ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം 'സുപ്രഭാതം'. പൊലീസ് മേധാവിയെ നിശ്ചയിക്കുന്നതിൽ സർക്കാരിന് നിലവിട്ട കളിയെന്ന് സുപ്രഭാതം എഡിറ്റോറിയൽ. എഡിജിപി എം.ആർ. അജിത് കുമാറിന് വേണ്ടി സർക്കാർ കുറുക്ക് വഴി തേടുന്നുവെന്നാണ് ആരോപണം. പൊലീസിൽ ക്രിമിനലുകളുടെ എണ്ണം പെരുകുന്നുവെന്നും സമസ്ത മുഖപത്രം വിമർശിക്കുന്നു.
'മുണ്ടിടരുത് പൊലീസിന്റെ മുഖത്ത്' എന്ന തലക്കെട്ടിലാണ് സുപ്രഭാതത്തിന്റെ മുഖപ്രസംഗം. കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ കേരള പൊലീസ് അംഗങ്ങളും ഉള്‍പ്പെട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലേഖനം ആരംഭിക്കുന്നത്. എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ വന്നശേഷം 12 ശതമാനം പൊലീസുകാർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടെന്നും എട്ടുപേരെ പിരിച്ചുവിട്ടെന്നും ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിനു ശേഷവും പൊലീസിലെ ക്രിമിനലുകളുടെ എണ്ണം പെരുകിയതല്ലാതെ കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്ന് മുഖപ്രസംഗത്തില്‍ വിമർശിക്കുന്നു. മലാപ്പറമ്പ് കേസില്‍ അറസ്റ്റിലായ പൊലീസുക്കെതിരെ ഗുരുതരവകുപ്പുകള്‍ ചേര്‍ക്കേണ്ടിടത്താണ് "കാക്കിക്കൂറിന്റെ കരുണയില്‍" ഇരുവര്‍ക്കുമെതിരേ ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്നും എഡിറ്റോറിയലില്‍ പറയുന്നു.
തൃശൂര്‍ പൂരം കലക്കിയതിലും ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിലും ആരോപണങ്ങള്‍ നേരിട്ട എഡിജിപി എം.ആര്‍. അജിത്കുമാറിനെ സംരക്ഷിക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നുവെന്നും സുപ്രഭാതം മുഖപ്രസംഗം ആരോപിക്കുന്നു. "അജിത്കുമാര്‍ അല്ലെങ്കില്‍ മറ്റൊരിഷ്ടക്കാരൻ എഡിജിപി മനോജ് എബ്രഹാം പൊലീസ് മേധാവിക്കസേരയില്‍ ഇരിക്കണമെന്നതാണ് സിപിഐഎമ്മിന്റെയും ആഗ്രഹം. യുപിഎസ്സി തീരുമാനം വരാനിരിക്കെ, അജിത്കുമാറിനും മനോജ് എബ്രഹാമിനും വേണ്ടി മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് ഡിജിപി പട്ടികയിലുള്ള സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ കടുത്ത സമ്മര്‍ദം ചെലുത്തുകയാണ് സര്‍ക്കാർ"- എഡിറ്റോറിയല്‍ വിമർശനം ഇങ്ങനെ നീളുന്നു.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവിന്റെ മരണത്തില്‍ സിപിഐഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരേ റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ യോഗേഷ് കുമാർ ഐപിഎസിനോട് സർക്കാരിന് പകയാണെന്നും എഡിറ്റോറിയല്‍ ആരോപിക്കുന്നു. തങ്ങളുടെ "ചൊല്‍പ്പടിക്കു നില്‍ക്കാത്തയാള്‍ പൊലീസ് മേധാവിയാകേണ്ടതില്ല" എന്നാണ് സർക്കാർ നിലപാട് എന്ന വിമർശനത്തോടെയാണ് സമസ്ത മുഖപത്രത്തിന്റെ എഡിറ്റോറിയല്‍ അവസാനിക്കുന്നത്.