പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി നടത്തിയതിന് അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മഹോത്ര 2023ല്‍ വന്ദേഭാരത് ഉദ്ഘടാനത്തിന് കേരളത്തിലെത്തിയതില്‍ ബിജെപിക്കെതിരെ ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. പാകിസ്ഥാന്‍ ചാരയായ ജ്യോതി മല്‍ഹോത്രക്ക് ബിജെപി ഓഫീസില്‍ നിന്ന് ആരാണ് വന്ദേ ഭാരത് പാസ് നല്‍കിയത് എന്ന് അന്നത്തെ സംസ്ഥാന പ്രസിഡന്റ് വെളിപ്പെടുത്തണമെന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്.
ജ്യോതി മല്‍ഹോത്ര വി.മുരളീധരനില്‍ നിന്ന് പ്രതികരണം തേടിയതിന്റെയുള്‍പ്പെടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. നാട്ടിലുള്ള സകലരേയും രാജ്യദ്രോഹികളായി മുദ്രകുത്തുന്ന സംഘികള്‍ക്ക് സ്വന്തം ആരോപണം ഇതുപോലെ ബൂമാറാങ്ങായി തിരിച്ചു കിട്ടുമെന്ന് സ്വപ്നത്തില്‍ കരുതിയിട്ടുണ്ടാവില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
'വന്ദേ ഭാരത ട്രെയിനിന്റെ ഉദ്ഘാടന യാത്രയ്ക്കുള്ള പാസുകള്‍ ബിജെപി ഓഫീസില്‍ നിന്നാണ് നേരിട്ട് വിതരണം ചെയ്തത്. പാക്കിസ്ഥാന്‍ ചാരയായ ജ്യോതി മല്‍ഹോത്രക്ക് ബിജെപി ഓഫീസില്‍ നിന്ന് ആരാണ് വന്ദേ ഭാരത് പാസ് നല്‍കിയത് എന്ന് അന്നത്തെ സംസ്ഥാന പ്രസിഡണ്ട് വെളിപ്പെടുത്തണം. അദ്ദേഹത്തിന്റെയും കേന്ദ്രമന്ത്രി മുരളീധരന്റെയും 'വേണ്ടപ്പെട്ടവര്‍ക്കൊക്കെ' വന്ദേ ഭാരത് ഉദ്ഘാടന പാസ് നല്‍കിയിട്ടുണ്ട്. ജ്യോതി മല്‍ഹോത്രയ്ക്കും അങ്ങനെ കിട്ടിയതാവാനെ തരമുള്ളൂ. നാട്ടിലുള്ള സകലരേയും രാജ്യദ്രോഹികളായി മുദ്രകുത്തുന്ന സംഘികള്‍ക്ക് സ്വന്തം ആരോപണം ഇതുപോലെ ബൂമാറാങ്ങായി തിരിച്ചു കിട്ടുമെന്ന് സ്വപ്നത്തില്‍ കരുതിയിട്ടുണ്ടാവില്ല,' സന്ദീപ് വാര്യര്‍ പറഞ്ഞു.
നേരത്തെ ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയത് വാര്‍ത്തയായിരുന്നു. ജ്യോതി മല്‍ഹോത്ര അടക്കമുള്ള നിരവധി വ്‌ളോഗര്‍മാരെ പണം നല്‍കിയാണ് ടൂറിസം പ്രമോഷനായി കൊണ്ടു വന്നത്. എന്നാല്‍ ഇന്ത്യക്കെതിരായി ചാരവൃത്തി ചെയ്യുന്ന ആളിനെ സര്‍ക്കാര്‍ ബോധപൂര്‍വം അതിഥിയായി കൊണ്ടുവരുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന് കഴിഞ്ഞദിവസം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചോദിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി വിമര്‍ശനം ശക്തമാക്കിയതോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പോലും ക്ഷണം ലഭിച്ച് ജ്യോതി മല്‍ഹോത്ര യാത്ര ചെയ്തിട്ടുണ്ടെന്നും ഇന്ന് മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.
ജ്യോതി മല്‍ഹോത്രയുടെ കേരളത്തിലേക്കുള്ള വരവില്‍ സര്‍ക്കാരിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പിന്തുണച്ചു. ഇക്കാര്യത്തില്‍ ടൂറിസം വകുപ്പിനേയും മന്ത്രിയേയും കുറ്റപ്പെടുത്താനാകില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷനേതാവിന്റെ അഭിപ്രായമല്ല യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്. രാജ്യത്തിനെതിരെ ചാരവൃത്തി നടത്തുന്ന ഒരാളുമായി ടൂറിസം വകുപ്പിന് എന്താണ് ബന്ധമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.