
കൊച്ചി അമ്പലമുഗൾ റിഫൈനറിയില്‍ തീപിടിത്തം. ബിപിസിഎല്ലിലെ കെഎസ്‌ഇബി ഭൂഗർഭ ഹൈ ടെൻഷൻ കേബിളിനാണ് തീ പിടിച്ചത്. സ്ഥലത്ത് പുക ഉയരുന്നു. ദേഹാസ്വാസ്ഥ്യം തോന്നിയ അഞ്ച് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
ഇന്ന് വൈകുന്നേരം നാലുമണിയോടെ ആയിരുന്നു തീപിടിത്തം. വെയർഫൗസിന് അകത്തെ വയറുകൾക്ക് ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ചതായാണ് അധികൃതർ പറയുന്നത്. വാതക ചോർച്ചയില്ലെന്നും അധികൃതർ അറിയിച്ചു. പുകപടലങ്ങൾ നിറഞ്ഞ അവസ്ഥയിലാണ് പ്രദേശം. രൂക്ഷദുർഗന്ധം മൂലം പ്രദേശത്ത് 40 ഓളം കുടുംബങ്ങളെ താല്‍ക്കാലികമായി മാറ്റി.
തൃക്കാക്കര, തൃപ്പൂണിത്തുറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ആംബുലൻസ് സ്ഥലത്തെത്തിയിട്ടുണ്ട്. റോഡിലേക്കും പുക ഉയരുന്ന സാഹചര്യത്തില്‍ പ്രദേശവാസികൾ റോഡ് ഉപരോധിക്കുകയാണ്. കളക്ടർ സ്ഥലത്ത് എത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.