തിരുവനന്തപുരം: ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആർ. ശ്രീലേഖയ്ക്കെതിരെ പ്രചാരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ അടക്കമുള്ളവർ. മുൻ ഡിജിപി ശ്രീലേഖ കപട ഭക്തയാണെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. ആറ്റുകാൽ പൊങ്കാല കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷനെക്കൊണ്ട് കേസെടുപ്പിച്ച ശ്രീലേഖക്ക് വേണ്ടിയാണോ പ്രവർത്തിക്കാൻ പോകുന്നതെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
സന്ദീപ് വാര്യരുടെ പോസ്റ്റിൻ്റെ പൂർണരൂപം:
തിരുവനന്തപുരത്തെ ഹിന്ദു സംഘടന പ്രവർത്തകരോടാണ് , ആറ്റുകാൽ പൊങ്കാല കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷനെക്കൊണ്ട് കേസെടുപ്പിച്ച ആർ ശ്രീലേഖക്ക് വേണ്ടിയാണോ നിങ്ങൾ പ്രവർത്തിക്കാൻ പോകുന്നത് ?
ശ്രീലേഖ കാവിവിശ്വാസികൾക്ക് പറ്റിയ കപടവിശ്വാസിയെന്ന് കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.
മണക്കാട് സുരേഷിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം:
മുൻ ഡി ജി പി ശ്രീലേഖ ഐ പി എസ് 'കാവി'വിശ്വാസികൾക്ക് പറ്റിയ 'കപട'വിശ്വാസി.
ശ്രീലേഖ ഐ പി എസിനെ ശാസ്തമംഗലത്ത് ബിജെപി സ്ഥാനാർഥിയാക്കിയെന്ന് !! , ഗംഭീരം !! അനന്തപുരിയിലെ ബിജെപിക്കാർക്ക് അർഹതപ്പെട്ടത് തന്നെ കിട്ടി!
അഖില ലോക പ്രശസ്തമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ അനന്തപുരിയുടെ ദേശീയോത്സവമായ പൊങ്കാലയോടനുബന്ധിച്ച് കാലങ്ങളായി നടന്നുവരുന്ന കുത്തിയോട്ടം ' എന്ന ചിരപുരാതനമായ ആചാരമനുഷ്ഠിക്കാൻ എത്തുന്ന കുട്ടികളെയും അവരുടെ അച്ഛനമ്മമാരെയും ജയിലിൽ കയറ്റുമെന്ന് പറഞ്ഞ മഹതിയെ തന്നെ ബിജെപി കെട്ടിയെഴുന്നെള്ളിച്ചത് ആരെ വെല്ലുവിളിക്കാനാണ് ...... വിശ്വാസ സമൂഹത്തെയോ ? അതോ കേരളത്തെ തന്നെയോ ?
" ഇത് ആറ്റുകാലമ്പലമോ ആൺപിള്ളേരുടെ ജയിൽ മുറിയോ ?" എന്ന ശ്രീലേഖ ഐ പി എസിന്റെ ചോദ്യം അമ്മയുടെ ഭക്തരായ ഞങ്ങളാരും ഇതുവരെ മറന്നിട്ടില്ല. കന്നഡ ഭൂമി കണ്ടവർക്ക് വിറ്റ 'മലയാളി ' പ്രസിഡന്റ് ഇങ്ങനെയൊരു വാർത്ത തന്നെ കേട്ടിട്ടുവേണ്ടേ മറക്കാൻ. ചാനലിൽ ഒന്ന് തപ്പിയാൽ മതി ഐപിഎസ് 'സിംഹിണി'യുടെ ആ ബെറ്റ് കിട്ടും.
ജയിലിന്റെ ചാർജ്ജുണ്ടായിരുന്ന ശ്രീലേഖ ഐ പി എസ് അന്ന് പറഞ്ഞത് കുട്ടികൾ കുത്തിയോട്ടത്തിൽ പങ്കെടുത്താൽ അവരെയും രക്ഷാകർത്തകളെയും അന്നത്തെ ഐ പി സി പീനൽ കോഡ് സെക്ഷൻ 89, 319, 320, 349, 350, 351 പ്രകാരം അകത്തിടുമെന്ന് . അതേ മേഡം ഇന്ന് അനന്തപുരിയിൽ ബിജെപിയെ നയിക്കുന്നു. ആദിപരാശക്തിയുടെ ആത്മീയ സന്നിധിയായ സ്ത്രീകളുടെ ശബരിമലയിൽ നടത്തുന്ന കുത്തിയോട്ട വൃതത്തെ 'കുട്ടികൾക്ക് നേരെയുള്ള പച്ചയായ ശാരീരിക മാനസിക പീഡനമെന്ന് ' പരിഹസിച്ച ആളാണ് അനന്തപുരിയെ നയിക്കാൻ ഒരുങ്ങുന്ന 'വനിതാരത്നം '.
കൊടകരയിലെ കുഴലിലൂടെ പണമൊഴുകിയപ്പോൾ അയ്യപ്പസ്വാമിക്ക് മുന്നിലെ നാമജപവും ത്രിശൂരിലെ പ്രജകൾക്കൊരു രാജാവിനെ കൊടുക്കാമെന്ന് സമ്മതിച്ചപ്പോൾ വടക്കുംനാഥന്റെ കലങ്ങിയ പൂരവും മറക്കാൻ ബിജെപിക്ക് എളുപ്പമായിരിക്കും, പക്ഷെ കറകളഞ്ഞ വിശ്വാസികൾ അത് മറക്കില്ല.
കാക്കിയിൽ നിന്ന് കാവിയിലേയ്ക്ക് മാറിയ ശ്രീലേഖയിലെ കപടതകൾ ഒന്നൊന്നായി തുറന്ന് കാട്ടപ്പെടാനിരിക്കുന്നതേയുള്ളൂ.....