സന്ദീപ് വാര്യർ Source: Files
KERALA

തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയാകാൻ സന്ദീപ് വാര്യർ; ഉദുമയിൽ പ്രദീപ് കുമാറും മത്സരിച്ചേക്കും

ഇന്ദിരാഭവനിൽ ചേർന്ന കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോ​ഗമിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്ന് സൂചന. ഉദുമയിൽ കാസർ​ഗോഡ് ഡിസിസി വൈസ് പ്രസിഡൻ്റ് പ്രദീപ് കുമാർ മത്സരിക്കുമെന്നും സൂചനയുണ്ട്. ഇന്ദിരാഭവനിൽ ചേർന്ന കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോ​ഗമിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും സംസ്ഥാന നേതാക്കളുടെയും നേതൃത്തിലാണ് ചർച്ച നടക്കുന്നത്.

അതേസമയം, തൃക്കരിപ്പൂരിലെ സന്ദീപ് വാര്യരുടെ സ്ഥാനാർഥിത്വത്തെ ചൊല്ലി കാസർഗോഡ് ഡിസിസിയിൽ അതൃപ്തി പുകയുകയാണ്. തൃക്കരിപ്പൂരിലെ സ്ഥാനാർഥി നിർണയത്തിൽ കൂടിയാലോചന നടത്തിയില്ല എന്നാണ് ആക്ഷേപം. ജില്ലയിൽ നിന്നുള്ളവർ തന്നെ മത്സരിക്കണമെന്നും ഡിസിസി അധ്യക്ഷൻ പി.കെ. ഫൈസൽ പറഞ്ഞു. അത‍ൃപ്തി കെപിസിസിയെ അറിയിച്ചിട്ടുണ്ട്. ജില്ലയിലുള്ള സ്ഥാനാർഥികൾ വേണം എന്നാണ് പൊതുവികാരമെന്നും പി.കെ. ഫൈസൽ പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തുവിട്ട കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടികയിൽ കാസർ​ഗോഡ് ഉണ്ടായിരുന്നില്ല. ജില്ലയിലെ ഉദുമ, തൃക്കരിപ്പൂർ നിയമസഭാ മണ്ഡലങ്ങളിലെ പേരുകൾ ഒഴിവാക്കിയാണ് കോൺഗ്രസ് ഇന്നലെ 55 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടത്. ഇന്ന് കൊണ്ട് മുഴുവൻ സീറ്റിലെയും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കിയത്. യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതായി വി.ഡി. സതീശനും പ്രതികരിച്ചിരുന്നു.

55 പേരുടെ ആദ്യ പട്ടികയാണ് ഇന്നലെ പ്രഖ്യാപിച്ചത്. പട്ടികയിൽ പത്തൊൻപത് സിറ്റിങ് എംഎൽഎമാരാണുള്ളത്. ആദ്യ പട്ടികയില്‍ എംപിമാർ ആരും ഇടംപിടിച്ചിട്ടില്ല. കണ്ണൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ ഒഴിച്ചാണ് ഇന്നലെ പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പെരുമ്പാവൂർ, തൃപ്പൂണിത്തുറ, അമ്പലപ്പുഴ തുടങ്ങിയ സീറ്റുകളിലും സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല.

SCROLL FOR NEXT