സംസ്ഥാനത്ത് സാനിറ്ററി മാലിന്യങ്ങൾ പെരുകുന്നു 
KERALA

സംസ്ഥാനത്ത് സാനിറ്ററി മാലിന്യങ്ങൾ പെരുകുന്നു; ശാസ്ത്രീയ സംസ്കരണ സംവിധാനങ്ങൾ അപര്യാപ്തം

കേരളത്തിൽ ഒരു ദിവസം ഏകദേശം 200 ടൺ ഡയപ്പർ മാലിന്യങ്ങളാണ് ഉണ്ടാകുന്നത് എന്നാണ് കണക്ക്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ആർത്തവകാലത്ത് ഉപയോഗിക്കുന്ന സാനിറ്ററി പാഡുകൾ, ടാംപോണുകൾ, കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും കിടപ്പുരോഗികൾക്കുമായി ഉപയോഗിക്കുന്ന ഡയപ്പറുകൾ എന്നിവയുടെ ഉപയോഗം കേരളത്തിൽ അനുദിനം വർധിക്കുകയാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടായി മനുഷ്യ വിസർജ്യങ്ങളും സ്രവങ്ങളും സുരക്ഷിതമായി കൈകാര്യം ചെയ്യാൻ സാധാരണക്കാരെ സഹായിക്കുന്ന ഈ ഉൽപ്പന്നങ്ങൾ, ഉപയോഗത്തിന് ശേഷം ശാസ്ത്രീയമായി സംസ്കരിക്കാൻ സംവിധാനങ്ങളില്ലാത്തത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമായി മാറുന്നു.

പാരിസ്ഥിതിക ആഘാതം

കേരളത്തിൽ ഒരു ദിവസം ഏകദേശം 200 ടൺ ഡയപ്പർ മാലിന്യങ്ങളാണ് ഉണ്ടാകുന്നത് എന്നാണ് കണക്ക്. ഒരാളുടെ ജീവിതകാലത്തെ ശരാശരിയനുസരിച്ച് ഒരു പുരുഷൻ 4,000 മുതൽ 13,300 വരെയും സ്ത്രീ 15,000 മുതൽ 32,000 വരെയും സാനിറ്ററി മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. ഉപയോഗശേഷം മണ്ണിലേക്ക് വലിച്ചെറിയുന്ന ഇവ പൂർണ്ണമായി വിഘടിച്ച് ഇല്ലാതാകാൻ 400 വർഷത്തോളം വേണ്ടിവരും.

സാനിറ്ററി പാഡുകളുടെ 75 ശതമാനവും നിർമിച്ചിരിക്കുന്നത് പ്ലാസ്റ്റിക് ഉപയോഗിച്ചാണ്.

  • സോഡിയം പോളി അക്രിലേറ്റ്

  • പോളി പ്രൊപ്പിലീൻ

  • പോളിത്തീൻ

  • പോളിയൂറത്തീൻ

  • പോളിയെസ്റ്റർ

സംസ്ഥാനത്ത് വളരെ ചുരുക്കം ഇടങ്ങളിൽ മാത്രമാണ് വീടുകളിൽ നിന്ന് നേരിട്ട് സാനിറ്ററി മാലിന്യം ശേഖരിക്കാനുള്ള സംവിധാനമുള്ളത്. ബാക്കിയിടങ്ങളിൽ ആളുകൾ ഇത് വീട്ടുപറമ്പിൽ കുഴിച്ചിടുകയോ കത്തിക്കുകയോ ആളൊഴിഞ്ഞ ഇടങ്ങളിൽ ഉപേക്ഷിക്കുകയോ ചെയ്യുന്നു. ശരീരദ്രവങ്ങളും രോഗാണുക്കളും ദ്രാവകം വലിച്ചെടുക്കുന്ന പോളിമറുകളും പ്ലാസ്റ്റിക്കും അടങ്ങിയ ഈ മാലിന്യങ്ങൾ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് കൈകാര്യം ചെയ്യുന്നവർക്കും ചുറ്റുപാടിനും അപകടകരമാണ്. ഇത് മണ്ണും വെള്ളവും വലിയ തോതിൽ മലിനമാക്കുന്നു.

വർക്കലയിലെ ശാസ്ത്രീയ സംസ്കരണ പ്ലാൻ്റ്

നിലവിൽ കേരളത്തിൽ സാനിറ്ററി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ സാധിക്കുന്ന ഒരേയൊരു പ്ലാൻ്റ് തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണുള്ളത്. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ക്ലീൻ കേരള കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഈ പ്ലാൻ്റ് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പ്രവർത്തനം ആരംഭിച്ചത്.

വർക്കല നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും വീടുകളിൽ നിന്ന് നേരിട്ട് മാലിന്യം ശേഖരിച്ച് ഇവർ സുരക്ഷിതമായി സംസ്കരിക്കുന്നു. പ്രതിദിനം രണ്ട് ടൺ മാലിന്യമാണ് ഈ പ്ലാൻ്റിൻ്റെ സംസ്കരണ ശേഷി. ഉയർന്ന താപനിലയിൽ സാനിറ്ററി മാലിന്യം കത്തിച്ച് ചാരമാക്കുന്നതാണ് ഇവിടുത്തെ രീതി. ഈ ചാരം പിന്നീട് മണ്ണിനൊപ്പം ചേർത്ത് റോഡ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നു.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങൾ പ്രത്യേക സ്ക്രബ്ബിംഗ് യൂണിറ്റ് ഉപയോഗിച്ച് ശുദ്ധീകരിച്ച ശേഷം 30 മീറ്റർ ഉയരമുള്ള ഇൻസിനറേറ്ററിലൂടെയാണ് പുറന്തള്ളുന്നത്. ഈ പുകയിൽ അപകടകരമായ ഘടകങ്ങളില്ലെന്ന് ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിൽ പരിശോധനകളും നടത്തുന്നുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന വർക്കലയിലെ ഈ പ്ലാൻ്റ് മാലിന്യ സംസ്കരണത്തിൽ ഒരു മികച്ച മാതൃകയാണ്. എങ്കിലും, സംസ്ഥാനത്ത് ദിനംപ്രതി കുമിഞ്ഞുകൂടുന്ന സാനിറ്ററി മാലിന്യങ്ങൾ പൂർണ്ണമായി ഇല്ലാതാക്കാൻ എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള കൂടുതൽ പ്ലാൻ്റുകൾ അടിയന്തരമായി സ്ഥാപിക്കേണ്ടതുണ്ട്.

SCROLL FOR NEXT