എം കെ സാനു Source: News Malayalam 24x7
KERALA

സാനു മാഷ്‌, എഴുത്തിലും സമൂഹത്തിലും രാഷ്ട്രീയത്തിലും ഒരേ ഊർജ്ജത്തോടെ ഇടപെട്ട അത്യപൂർവ വ്യക്തികളിൽ ഒരാൾ

50 ലേറെ ഗ്രന്ഥങ്ങൾ എഴുതിയ സാനു മാസ്റ്റർ തൊണ്ണൂറ്റിയേഴാം വയസ്സിലും അക്ഷരങ്ങളുടെ ലോകത്ത് സജീവമായിരുന്നു.

Author : ന്യൂസ് ഡെസ്ക്

എഴുത്തിലും സമൂഹത്തിലും രാഷ്ട്രീയത്തിലും ഒരേ ഊർജ്ജത്തോടെ ഇടപെട്ട അത്യപൂർവ വ്യക്തികളിൽ ഒരാളായിരുന്നു പ്രൊഫ. എം. കെ. സാനു. 50 ലേറെ ഗ്രന്ഥങ്ങൾ എഴുതിയ സാനു മാസ്റ്റർ തൊണ്ണൂറ്റിയേഴാം വയസ്സിലും അക്ഷരങ്ങളുടെ ലോകത്ത് സജീവമായിരുന്നു. എഴുത്തുജീവിതത്തിനൊപ്പം സമൂഹത്തിൽ ഇതുപോലെ ഇടപെട്ട മറ്റൊരാൾ വേറെ ഇല്ലെന്ന് തന്നെ പറയാം.

എറണാകുളം കാരിക്കാമുറി ക്രോസ് റോഡിലെ സന്ധ്യ എന്ന വീട് അനേകരുടെ ആശ്രയസ്ഥാനമായിരുന്നു. ജീവിത സംഘർഷങ്ങളിൽ നട്ടംതിരിയുന്നവർ മുതൽ എഴുത്തുകാർ വരെ അവിടെ നിത്യസന്ദർശകരായെത്തിയിരുന്നു. ഏറെ കൊട്ടിഘോഷിക്കാതെ മുളന്തുരുത്തിയിൽ ഭിന്നശേഷിക്കാർക്കായി ഒരു ആശ്രയകേന്ദ്രവും സാനുമാസ്റ്റർ നടത്തിയിരുന്നു.

1928 ഒക്ടോബർ 27ന് ആലപ്പുഴ മംഗലത്തു വീട്ടിലാണ് ജനനം. എം. സി. കേശവനും കെ. പി. ഭവാനിയുമാണ് മാതാപിതാക്കൾ. ആലപ്പുഴ കണ്ടയാശാൻ പള്ളിക്കൂടം, ലിയോ തേർട്ടീന്ത് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇന്‍റർമീഡിയറ്റ് ജയിച്ചു. ആലപ്പുഴ എസ്‌ഡി കോളേജിൽ നിന്നു ബിരുദവും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും നേടി.

കൊല്ലം എസ്‌എൻ കോളേജിൽ അധ്യാപകനായി തുടങ്ങിയ ശേഷം സർക്കാർ സർവീസിൽ പ്രവേശിച്ചു. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ഉൾപ്പെടെ ഇടതു സംഘടനകളുമായി സഹകരിച്ചു പ്രവർത്തിച്ചു. എറണാകുളത്തു നിന്ന് സാനു മാസ്റ്റർ നിയമസഭയിലും എത്തി. മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ. എൽ. ജേക്കബിനെ 10,032 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു ആ വിജയം.

എഴുത്തു ജീവിതത്തിനൊപ്പം സമൂഹത്തിലും ഇതുപോലെ ഇടപെട്ട മറ്റൊരാൾ വേറെ ഇല്ല. ജലാശയത്തിലെ മീൻ എന്നതുപോലെ തിരക്കുകളിലായിരുന്നു എന്നും സാനു മാസ്റ്റർ. കേരളത്തിലെ മുൻനിര വൈജ്ഞാനിക പ്രഭാഷകൻ എന്ന നിലയിലും അവസാനകാലം വരെ സാനു മാസ്റ്റർ ശ്രദ്ധേയനായിരുന്നു.

SCROLL FOR NEXT