
കെ.ആർ. ഗൗരിയമ്മയുമായി സഹോദരീതുല്യമായ അടുപ്പം. വി.എസ്. അച്യുതാനന്ദനുമായി ദീർഘകാലത്തെ സൗഹൃദം. ഈ സൗഹൃദങ്ങളും ബന്ധങ്ങളുമാണ് പ്രൊഫ. എം.കെ. സാനുവിനെ ഇടത് സ്വതന്ത്രനായ എംഎൽഎയാക്കിയത്. ഗൗരിയമ്മയ്ക്ക് കുഞ്ഞനുജനായിരുന്നു എം.കെ. സാനു. സാനു സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ഗൗരിയമ്മ നാടാകെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നു. ഈഴവ സമുദായത്തിൽ നിന്ന് ആദ്യമായി നിയമപഠനം നടത്തിയ ആ പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു എം.കെ. സാനുവിന്‍റെ തുമ്പോളി മംഗലം തറവാടിന്.
പക്ഷേ, കോളേജിലെത്തിയ എം.കെ. സാനു വേറിട്ട വഴിയിലാണ് സഞ്ചരിച്ചത്. ആലപ്പുഴ എസ്ഡി കോളേജിലെ യൂണിയൻ ചെയർമാനായി ജയിച്ചത് ഇടതുപക്ഷത്തിനെതിരേ മൽസരിച്ച പ്രൊഫ എം.കെ. സാനുവാണ്. അന്ന് ഇടതുപക്ഷ വിദ്യാർഥി യൂണിയന് നഷ്ടപ്പെട്ട ഒരേയൊരു സീറ്റും ചെയർമാന്‍റേത് മാത്രമായിരുന്നു. കെ. ഗോവിന്ദപ്പിള്ളയും കെ.കെ. കുമാരപിള്ളയുമൊക്കെ നയിച്ച ഇടതു വിദ്യാർഥി യൂണിയനാണ് പ്രൊഫ. എം.കെ. സാനുവിന്‍റെ മുന്നിൽ പരാജയപ്പെട്ടത്.
അന്നും പിന്നീടും ദേശീയവാദിയായിരുന്ന പ്രൊഫ. എം.കെ. സാനു ഒരിക്കലും ഒരു കോൺഗ്രസുകാരനായില്ല. ഗാന്ധിജിയുടെ ആശയങ്ങളോടുള്ള അടുപ്പവും സാനു എന്ന യുവാവിനെ കോൺഗ്രസുകാരനാക്കിയില്ല. ഗൗരിയമ്മയോടും അച്യുതാനന്ദനോടും പിന്നീടുണ്ടായ അടുപ്പം മുഴുവൻ സമയ കമ്യൂണിസ്റ്റുമാക്കിയില്ല. പക്ഷേ ഇടതുപക്ഷത്തെ പുരോഗമന കലാ സാഹിത്യ സംഘവുമായി സഹകരിച്ചായിരുന്നു പ്രവർത്തനം. സംഘടനയുടെ സംസ്ഥാന അധ്യക്ഷസ്ഥാനവും ഏറ്റെടുത്തു. 1987ലാണ് കഥ മാറിയത്. ഇഎംഎസ് എറണാകുളത്തെ കാരിക്കാമുറി ക്രോസ് റോഡിലെ വീട്ടിലെത്തി മത്സരിക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടു. സമ്മതം പറയുന്നതിനു മുൻപു തന്നെ സിപിഐഎം പ്രവർത്തകർ വഴിനീളെ പേരെഴുതി. ഇതോടെ പിന്മാറാൻ മനസുവന്നില്ലെന്നാണ് മത്സരത്തെക്കുറിച്ച് സാനുമാസ്റ്റർ എന്നും പറഞ്ഞിരുന്നത്.
കോൺഗ്രസിന്‍റെ കുത്തകയാണ് എറണാകുളമെങ്കിലും ഗ്രൂപ്പ് വൈരവും ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന മണ്ഡലമായിരുന്നു. മുതിർന്ന നേതാവ് എ.എൽ. ജേക്കബിനെതിരേ മറ്റൊരു മുതിർന്ന നേതാവ് എവറസ്റ്റ് ചമ്മണി പത്രിക നൽകി. ഈ മത്സരത്തിൽ 10,032 വോട്ടുകൾക്കാണ് സാനുമാസ്റ്റർ ജയിച്ചത്. കോൺഗ്രസ് റിബലായി മത്സരിച്ച എവറസ്റ്റ് ചമ്മിണിക്ക് 10,449 വോട്ടും ലഭിച്ചിരുന്നു. എംഎൽഎ ആയതോടെ സാനുമാസ്റ്റർ പിന്നെ ഇടതുവേദികളിൽ സജീവമായി. മുൻപ് സാഹിത്യ സദസുകളിൽ മാത്രമായിരുന്നു സഹകരണമെങ്കിൽ അന്നുമുതൽ പൊതുവിഷയങ്ങളിലും ഇടപെട്ടു തുടങ്ങി. അതിന് സാനുമാസ്റ്റർ നൽകിയിരുന്ന നിർവചനം ഇങ്ങനെയായിരുന്നു, മനസിൽ നന്മയുള്ളവർക്ക് ഇടതുപക്ഷത്തെ നിൽക്കാനാകൂ...