കോഴിക്കോട്: വ്യാജ പ്രചരണം നടത്തിയിട്ടും നിമിഷപ്രിയയുടെ കുടുംബം കെ.എ. പോളിനൊപ്പം തുടരുന്നതില്‍ ആക്ഷന്‍ കൗണ്‍സിലിന് കടുത്ത അതൃപ്തി. ഇതോടെ, നിമിഷപ്രിയ സേവ് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും ആലോചനയുണ്ട്.
ഇതുസംബന്ധിച്ച് രക്ഷാധികാരി മുന്‍ സുപ്രീംകോടതി ജഡ്ജ് കുര്യന്‍ ജോസഫ്, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ ഉള്‍പ്പെടെയുള്ളവരോട് വിഷയം ചര്‍ച്ച ചെയ്യും. അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്ക് ശേഷമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രസര്‍ക്കാറിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കണമെന്ന് പ്രചാരണം കെ.എ പോള്‍ നടത്തിയിരുന്നു. പ്രചാരണം വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കെ.എ. പോളിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. അനധികൃതമായി പണം പിരിച്ചെടുക്കാനാണ് കെ.എ. പോളിന്റെ ശ്രമമെന്നാണ് പരാതിയില്‍ പറയുന്നത്. കെ.എ. പോളിനെതിരെ ഉചിതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇതിനിടയില്‍, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം നടപ്പാക്കുമെന്ന വാദവുമായി കെ.എ. പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഓഗസ്റ്റ് 24 അല്ലെങ്കില്‍ 25 തീയതികളില്‍ നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിക്കും. മൂന്ന് ദിവസത്തേക്ക് ഈ കേസിനെക്കുറിച്ചുള്ള സംസാരങ്ങള്‍ ഒഴിവാക്കണം. ഇത് നിമിഷ പ്രിയയുടെ അപേക്ഷയാണെന്നുമായിരുന്നു പോളിന്റെ വാദം.