നിമിഷ പ്രിയയുടെ മോചനത്തിനായി പണപ്പിരിവ്; സുവിശേഷകന്‍ കെ.എ. പോളിന്റെ പ്രചാരണം വ്യാജമെന്ന് വിദേശകാര്യ മന്ത്രാലയം

നിമിഷ പ്രിയയുടെ മോചനത്തിന് 8.3 കോടി രൂപ ആവശ്യമുണ്ടെന്നാണ് കെ.എ. പോൾ പോസ്റ്റില്‍ പറയുന്നത്
നിമിഷ പ്രിയ
നിമിഷ പ്രിയ
Published on

കൊച്ചി: കൊലപാതക കുറ്റത്തിന് യെമനില്‍ തടവില്‍ കഴിയുന്ന നിമിഷ പ്രിയയ്ക്കായി പണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ്യാജമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ വകുപ്പിന്റെ അക്കൗണ്ടിൽ പണം അയയ്ക്കണമെന്ന സുവിശേഷകനും ഗ്ലോബല്‍പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെ.എ. പോളിന്റെ എക്സ് പോസ്റ്റിലാണ് മന്ത്രാലയം വിശദീകരണം നല്‍കിയിരിക്കുന്നത്.

നിമിഷ പ്രിയ
ബ്രേക്ക് അപ്പ് ആയെന്ന് വിചാരിച്ച് ലൈംഗിക ബന്ധം ബലാത്സംഗമാകില്ലെന്ന് കോടതി; വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടരും

നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസർക്കാരിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് സംഭാവന നൽകണമെന്നാണ് കെ.എ. പോളിൻ്റെ എക്സ് പോസ്റ്റ്. നിമിഷ പ്രിയയുടെ മോചനത്തിന് 8.3 കോടി രൂപ ആവശ്യമുണ്ടെന്നാണ് പോസ്റ്റില്‍ പറയുന്നത്. പണം അയയ്‌ക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സഹിതമാണ് എക്സില്‍ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഈ അവകാശവാദം വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്കിങ് വിഭാഗം വ്യക്തമാക്കി.

മുന്‍പും യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെട്ടുവെന്ന് അവകാശപ്പെട്ട് ഡോ. കെ.എ. പോള്‍ രംഗത്തെത്തിയിരുന്നു. ഇതിനായി സമൂഹമാധ്യമങ്ങളില്‍ സാമ്പത്തിക സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിമിഷ പ്രിയയെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ യെമനിലേക്ക് പ്രതിനിധികളെ അയയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുക്കുകയാണെന്നും അതിന് നന്ദി അറിയിക്കുന്നുവെന്നും പോള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളോട് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നില്ല.

2017 ജൂലൈ 25ന് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷ പ്രിയയ്ക്ക് എതിരായ കേസ്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.

കേസില്‍ നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍‌ ശിക്ഷ നടപ്പാക്കും മുന്‍പ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെ തുടർന്ന് ആദ്യം വധശിക്ഷ മരവിപ്പിക്കുകയും പിന്നീട് റദ്ദാക്കുകയും ആയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com